ഇടുക്കി ജില്ലയിലെ മലയോര മേഖലയുടെ ദീർഘകാലത്തെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനങ്ങൾ വലിയ ചർച്ചയാകുന്നു.
അധികാരത്തിലെത്തിയാൽ കർഷകർ നേരിടുന്ന സങ്കീർണമായ ഭൂവിഷയങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച ഈ വിഷയങ്ങൾ മലയോര കർഷകരുടെ വലിയ പിന്തുണയാണ് നേടിയെടുത്തത്.
പ്രധാന വാഗ്ദാനങ്ങൾ:
* കുടിയേറ്റ കർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കും.
* ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും (സിഎച്ച്ആർ കേസ്, എൽഎ പട്ടയം തടഞ്ഞത്) നടക്കുന്ന കേസുകൾ എത്രയും വേഗം തീർപ്പാക്കാൻ സ്പെഷൽ പാക്കേജ്.
* സാങ്കേതികത്വം ആരോപിച്ച് പട്ടയം നൽകുന്നതു തടഞ്ഞിരിക്കുന്ന (വനം തർക്കം, ഏലം എന്ന് രേഖപ്പെടുത്തിയത്, 10 ചെയിൻ വിസ്തൃതി, ഷോപ്പ് സൈറ്റ്) മുഴുവൻ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കും.
* ഉപാധിരഹിത പട്ടയം: നിസ്സാരകാരണങ്ങൾ ചൂണ്ടിക്കാട്ടി കർഷകരെ അവരുടെ കൃഷി ഭൂമിയിൽനിന്ന് ഇറക്കിവിടാനുള്ള ശ്രമങ്ങൾക്കും നീക്കങ്ങൾക്കും ശാശ്വത പരിഹാരമായി നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും കാലോചിതമായി പരിഷ്കരിച്ച് ഉപാധിരഹിത പട്ടയം എന്ന ആശയം നടപ്പിലാക്കും.
* കാർഡമം റൂൾ ഉൾപ്പെടെയുള്ള ഭൂനിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യും.
* പതിറ്റാണ്ടുകളായി ഭൂമി കൈവശം വയ്ക്കുന്ന കർഷകർക്ക് പട്ടയം ലഭിക്കുന്നതിന് ഓരോ പ്രദേശങ്ങളിലുമുള്ള പ്രശ്നങ്ങൾ പരിഹരിക്കും.
* വനം-റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത പ്രദേശങ്ങളിൽ സമയബന്ധിതമായി പരിശോധന നടത്തി പട്ടയം നൽകാൻ നടപടി സ്വീകരിക്കും.
* വന്യജീവി ശല്യം തടയാനും പട്ടയ കൈവശഭൂമികളിൽ വനം വകുപ്പ് നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കും.
* പഴയ റിസർവ് വനത്തിന്റെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട് പട്ടയകൈവശ ഭൂമികളും സർക്കാർ വിവിധ വികസന പദ്ധതികൾക്ക് ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡി-റിസർവ് ചെയ്ത് റിസർവ് വനത്തിന്റെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
* കേരളത്തിലെ തോട്ടം മേഖലയുടെ ഭൂവിനിയോഗത്തിനുള്ള നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും, തോട്ടങ്ങളുടെ സ്വാഭാവിക സ്വഭാവം നിലനിർത്തിക്കൊണ്ട് വൈവിധ്യവൽക്കരണം അനുവദിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും.
* 2023-ൽ സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ഭേദഗതി നിയമവും 2025-ൽ നിർമിച്ച അതിന്റെ ചട്ടവും റദ്ദാക്കി ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ സമഗ്രമായ നിയമനിർമാണം നടത്തും; 1961-ലെ ഭൂപതിവ് നിയമത്തിലെ സെക്ഷൻ 7(1) നൽകുന്ന അധികാരമുപയോഗിച്ച് നിർമാണ നിരോധനമടക്കമുള്ള പ്രശ്നങ്ങൾക്ക് മുൻകാല പ്രാബല്യത്തോടെ ശാശ്വത പരിഹാരം കണ്ടെത്തും.
* തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി വാങ്ങി നിർമിച്ച് നിലവിൽ നികുതി അടച്ച് പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഫീസ് ഇല്ലാതെ ക്രമവൽക്കരിക്കും.
* ദുരന്ത നിവാരണ നിയമപ്രകാരം ഒരു പഠനവും ഇല്ലാതെ ജില്ലയിൽ ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണം പിൻവലിക്കുന്നത് പരിശോധിക്കും.
* പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തൊഴിലാളികളുടെ സഹകരണസംഘം രൂപീകരിച്ചു തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കും.
* കർഷകർ നട്ടു വളർത്തുന്ന ഏതൊരു വൃക്ഷവും സ്വതന്ത്രമായി വിൽക്കാനുള്ള അവകാശം, ചട്ട ഭേദഗതിയിലൂടെ ഉറപ്പുവരുത്തും.
* ബഫർ സോൺ, ഡാം സേഫ്റ്റി, ഇഎസ്എൽ പ്രശ്നങ്ങൾ പുനഃപരിശോധിക്കുകയും അന്യായം പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും.
* കാർഷിക മേഖലയിലെ വിനാശവും, വില ഇടിവും അതിജീവിക്കാൻ ടൂറിസം അടക്കമുള്ള വിവിധ മേഖലകളെ ഉപയോഗപ്പെടുത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും.
* ഏലം കൃഷിക്ക് നൽകിയ പട്ടയങ്ങളിൽ വീട് നിർമിക്കുന്നതു നിരോധിച്ച 2020-ലെ സർക്കാർ ഉത്തരവ് പിൻവലിക്കും.
രാജകുമാരിയിൽ നടന്ന പൊതുയോഗങ്ങളിലടക്കം ‘ഉപാധിരഹിത പട്ടയം’ എന്ന വാഗ്ദാനം വി.ഡി. സതീശൻ ആവർത്തിച്ചിരുന്നു.
നിലവിലെ ചട്ടങ്ങളിലെ കടുപ്പമേറിയ വ്യവസ്ഥകൾ മാറ്റിയെഴുതുന്നത് കർഷകർക്ക് വലിയ ആശ്വാസമാകും. നിയമ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഏകീകൃത ഭൂനിയമം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ചില നിയമപരമായ കടമ്പകളുണ്ടെങ്കിലും, അടിയന്തര നടപടികളിലൂടെ ഇതിന് പരിഹാരം കാണുമെന്ന സർക്കാർ ഉറപ്പ് കർഷകരിൽ പ്രതീക്ഷ പകരുന്നു.
2023-ലെ ഭൂപതിവ് നിയമഭേദഗതി നടപ്പിലാക്കുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ, പുതിയ ഭരണകൂടത്തിന്റെ ഇടപെടലുകൾക്കായി കാത്തിരിക്കുകയാണ് ഇടുക്കിയിലെ ഭൂവുടമകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

