റോഡ് സൗകര്യമില്ലാത്തതിനെ തുടർന്ന് ചികിത്സാ നിഷേധിക്കപ്പെടുന്ന ആദിവാസി മേഖലയായ ഇടമലക്കുടിയിൽ ദുരിതം തുടരുന്നു. പനി ബാധിച്ച് കിടപ്പിലായിരുന്ന മാലയപ്പൻ (75) എന്ന വയോധികനെയാണ് നാട്ടുകാർ കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് മഞ്ചൽ കെട്ടി വനപാതയിലൂടെ ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സ തേടാനാവാതെ പ്രയാസപ്പെടുകയായിരുന്നു അദ്ദേഹം. റോഡ് സൗകര്യമില്ലാത്തതിനാൽ സമയബന്ധിതമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ വർഷം കാർത്തിക് എന്ന ആദിവാസി ബാലൻ ഇവിടെ മരണപ്പെട്ടിരുന്നു.
കുടലാർ കുടി മുതൽ ആനക്കുളം വരെയുള്ള നാല് കിലോമീറ്റർ റോഡ് നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. നിലവിൽ കാട്ടിലൂടെയുള്ള ഇടിഞ്ഞ ഒറ്റയടിപ്പാത മാത്രമാണ് പ്രദേശവാസികളുടെ ഏക ആശ്രയം.
മഴക്കാലത്ത് ഈ വഴിയിലൂടെയുള്ള യാത്ര അതീവ ദുഷ്കരവും ജീവന് തന്നെ ഭീഷണിയുമാണ്. ഇത്തര സാഹചര്യങ്ങളിൽ രോഗികളെയും വയോജനങ്ങളെയും ആശുപത്രിയിലെത്തിക്കുന്നത് നാട്ടുകാർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
അതിനാൽ കുടലാർ കുടി– ആനക്കുളം റോഡ് അടിയന്തരമായി നിർമിച്ച് യാത്രാസൗകര്യം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

