തീരാതെ പീരുമേട് താലൂക്ക് ആശുപത്രിയിലെ ദുരിതങ്ങൾ; മരുന്ന് ക്ഷാമവും രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പീരുമേട് ∙ ജീവനക്കാരില്ലാത്തതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ ലേബർ റൂമിന്റെ പ്രവർത്തനം 3 ദിവസമായി വെട്ടിച്ചുരുക്കി.ഗൈനക്കോളജി ക്ലീനിങ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരായ 4 അറ്റൻഡന്റർമാർ ജോലി ഉപേക്ഷിച്ചുപോയതാണ് ലേബർ റൂമിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.തൊഴിൽ ദിനങ്ങൾ 15 ആയി വെട്ടിക്കുറച്ചതാണ് അറ്റൻഡർമാർ ജോലിയിൽനിന്നു പിരിഞ്ഞുപോകാൻ കാരണം. സർക്കാർ ഉത്തരവിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന് താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് നിയന്ത്രണം വന്നിരുന്നു. 5 അറ്റൻഡന്റുമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്.
മരുന്ന് ക്ഷാമവും രൂക്ഷം
ടിടി നൽകുന്നതിനുള്ള മരുന്നു പോലും താലൂക്ക് ആശുപത്രിയിൽനിന്നു ലഭ്യമല്ലെന്നാണ് രോഗികളുടെ പരാതി. ടിടി എടുക്കാൻ ഡോക്ടർ എഴുതി നൽകിയാൽ ആശുപത്രിക്ക് പുറത്തു നിന്നു രോഗികൾ മരുന്നു വാങ്ങിക്കൊണ്ടു നൽകേണ്ട സ്ഥിതിയാണ്.ആവശ്യ മരുന്നുകൾ ഉൾപ്പെടെ ഇല്ലാത്തത് നിർധനരായ രോഗികൾക്ക് ഇരട്ടി ദുരിതമാണ്. ഫാർമസിയിൽ ചെന്നാൽ പാരസെറ്റാമോൾ മാത്രമാണ് ഇപ്പോൾ സുലഭമായി ലഭിക്കുന്നതത്രേ.
സ്ഥലംമാറ്റം തേടി കൂടുതൽ ഡോക്ടർമാർ
നിലവിൽ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന 3 ഡോക്ടമാർ സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായാണ് സൂചന. ജനറൽ സ്ഥലമാറ്റത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെയാണ് ഡോക്ടർമാർ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്കു സ്ഥലംമാറ്റം അനുവദിച്ചാൽ ആശുപത്രിയിൽ കൂടുതൽ പ്രതിസന്ധി ഉടലെടുക്കുമോയെന്നാണ് ആശങ്ക.ഡോക്ടർമാർക്കു സ്ഥലംമാറ്റം നൽകുന്ന പക്ഷം അതേ പട്ടികയിൽ തന്നെ പകരം ഡോക്ടർമാരെ ഇവിടേക്കു ലഭ്യമാക്കുന്നതിന് ജനപ്രതിനിധികൾ സമർദ്ദം ചെലുത്തണമെന്നാണ് ആവശ്യം.