ഉദ്ഘാടനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് അടിമാലി താലൂക്ക് ആശുപത്രിയിലെ കാർഡിയാക് ഐസിയു – കാത്ത് ലാബിൽ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
ആരോഗ്യമന്ത്രിയുടെ അസൗകര്യം മൂലം ഉദ്ഘാടനം നീണ്ടുപോയതിനെത്തുടർന്ന്, ബൈസൺവാലി സ്വദേശി ബിജുവിന്റെ കഴിഞ്ഞ 5നു നടക്കേണ്ടിയിരുന്ന ആൻജിയോപ്ലാസ്റ്റി മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാൽ, ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തുനിൽക്കാതെ യൂണിറ്റിന്റെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കാൻ ആരോഗ്യമന്ത്രി നൽകിയ നിർദേശമാണ് ഇന്നലെ രോഗിയുടെ ജീവൻരക്ഷാ ശസ്ത്രക്രിയയ്ക്കു വഴിതുറന്നത്.
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ കാർഡിയാക് ഐസിയു കാത്ത് ലാബ് സംവിധാനം ആദ്യമായി യാഥാർത്ഥ്യമാകുന്നത് അടിമാലിയിലാണ് എന്നത് വലിയൊരു നേട്ടമാണ്. ജില്ലയിലെ മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി അടക്കമുള്ള മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ പിന്തള്ളിക്കൊണ്ട് ആദ്യ കാർഡിയാക് ഐസിയു കാത്ത് ലാബ് ഈ താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചതും ചരിത്രപരമാണ്.
കഴിഞ്ഞ 2017 നവംബറിലാണ് 3.76 കോടി രൂപ ചെലവഴിച്ച് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചത്.
തുടർന്ന് ഒരു വർഷം മുൻപ് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 8 കോടിയുടെ അത്യാധുനിക യന്ത്രസാമഗ്രികളും അനുവദിക്കുകയുണ്ടായി. ഇതിനിടെ കാർഡിയോളജി വിഭാഗത്തിൽ സ്ഥിരം കൺസൽറ്റന്റിനെക്കൂടി നിയമിക്കുകയും അനുബന്ധ സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ് മലയോര ജനതയുടെ ദീർഘകാലമായുള്ള സ്വപ്നം യാഥാർത്ഥ്യമായത്.
കാർഡിയോളജി കൺസൽറ്റന്റ് ഡോ.കരോൾ ജോസഫ്ന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽനിന്നുള്ള കാർഡിയോളജി കൺസൽറ്റന്റുമാരായ ഡോ.പോൾ തോമസ്, വിജോ ജോർജ് എന്നിവരുടെ സഹകരണത്തോടെ ഇന്നലെ രാവിലെ ഒൻപതോടെയാണ് ബിജുവിന് ആൻജിയോപ്ലാസ്റ്റി ആരംഭിച്ചത്.
കൃത്യം രണ്ടു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ശസ്ത്രക്രിയ പൂർണ്ണ വിജയം കാണുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

