
കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്: ഒന്നാം ഘട്ടം പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ ഇടുക്കി ആർച്ച് ഡാമിനു സമീപത്തായി നിർമിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉദ്യാന പദ്ധതിയോടു ചേർന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിർമിച്ചിരിക്കുന്നത്. 10 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019ലാണ് അനുമതി നൽകിയത്. ഒന്നാം ഘട്ടമായി 3 കോടി രൂപയാണ് അനുവദിച്ചത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതിജീവനത്തിന്റെയും നീണ്ട പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ ചുരുക്കമായ അനാവരണമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.
ചരിത്രം അനാവരണം ചെയ്യുന്ന നിർമിതികൾ
ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കർഷക കുടിയേറ്റത്തിന്റെയും കുടിയിറക്ക് നീക്കങ്ങളുടെയും തുടർന്നുള്ള ജീവിതത്തിന്റെയും സ്മരണകളുണർത്തുന്ന ശിൽപങ്ങളും കൊത്തുപണികളുമടങ്ങിയ ഇടുക്കിയുടെ ഭൂതകാലമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്. കുടിയേറ്റ കർഷകന്റെ രൂപമാണ് സ്മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെ നിന്നു കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്കു നടന്നു കയറിയാൽ 7 ഇടങ്ങളിലായി വിവിധ ശിൽപങ്ങളോടു കൂടിയ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോൺക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും നിർമിച്ചിരിക്കുന്നത്. എകെജിയും ഫാദർ വടക്കനും കുടിയേറ്റ ഗ്രാമങ്ങളും കാർഷിക വൃത്തിയും ഉരുൾപൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെ പുനർജനിച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി സ്മാരക മ്യൂസിയവും അതോടൊപ്പം ഒരു കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.