
കുമ്പളങ്ങി-കെൽട്രോൺ ഫെറി പാലം യാഥാർഥ്യമാകും; കുമ്പളങ്ങി നിവാസികളുടെ ചിരകാലസ്വപ്നം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പള്ളുരുത്തി ∙ കുമ്പളങ്ങി നിവാസികളുടെ ചിരകാലസ്വപ്നങ്ങളിൽ ഒന്നായ കുമ്പളങ്ങി- കെൽട്രോൺ ഫെറി പാലം യാഥാർഥ്യത്തോടടുക്കുന്നു. കുമ്പളങ്ങിയെ അരൂർ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിനായുള്ള ടെൻഡർ നടപടി ആരംഭിച്ചതായി കെ.ജെ.മാക്സി എംഎൽഎ അറിയിച്ചു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ നിർമാണത്തിനായി ഏകദേശം 33 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല.
പാലവുമായി ബന്ധപ്പെട്ടു മുൻപുണ്ടായിരുന്ന തർക്കങ്ങളും തടസ്സവാദങ്ങളുമെല്ലാം എംഎൽഎ ഇടപെട്ടു പരിഹരിച്ചിരുന്നു. കുറച്ചുകാലം മുൻപ് പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടിയും പൂർത്തിയാക്കി. തുടർന്ന്, പരിസ്ഥിതി അനുമതിയും നിർമാണത്തിന് ലഭിച്ചു. പാലം യാഥാർഥ്യമാകുന്നതോടെ കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ദേശീയപാതയിൽ എത്തിച്ചേരാം. നിലവിൽ, 15 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുന്നത് രണ്ടു കിലോമീറ്ററായി കുറയും. മാത്രമല്ല, വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഗുണം ചെയ്യും. പാലത്തിന്റെ നിർമാണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.