മൂവാറ്റുപുഴ∙ ആവോലി, ആരക്കുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് തൊടുപുഴ ആറിന് കുറുകെ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ആവോലി പഞ്ചായത്തിലെ ഇല്ലത്തുംകടവ് പ്ലാത്തോട്ടത്തിൽ ഭാഗവും ആരക്കുഴ പഞ്ചായത്തിലെ തയ്യിൽകുന്നുംപുറം ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ ഇരുപ്രദേശങ്ങളിലെയും യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.
നിലവിൽ ഇരുവശങ്ങളിലും പുഴയുടെ തീരം വരെ ടാർ ചെയ്ത റോഡുകൾ എത്തിനിൽക്കുന്നുണ്ട്. പാലം വരുന്നതോടെ ആരക്കുഴ നിവാസികൾക്ക് ടൗണിലെ ഗതാഗതക്കുരുക്കിൽപെടാതെ മിനിറ്റുകൾക്കുള്ളിൽ വാഴക്കുളത്ത് എത്താം.
അതുപോലെ, ആവോലി, വാഴക്കുളം മേഖലയിലുള്ളവർക്ക് യാത്രാസൗകര്യം കുറവായ മേമടങ്ങ്, ആരക്കുഴ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ പാലം സഹായിക്കും.
തൊടുപുഴയാറിനു വീതിയും ആഴവും കുറഞ്ഞ ഭാഗമാണ് ഇതെന്നതു പാലം നിർമാണത്തിന് അനുകൂല ഘടകമാണ്. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കാൻ അനുയോജ്യമായ കടുപ്പമേറിയ പാറകൾ പുഴയുടെ ഇരുവശങ്ങളിലും ഉണ്ട്. ഇരുവശത്തും നിലവിൽ സമനിരപ്പായ ടാർ റോഡുകൾ ഉള്ളതിനാൽ അനുബന്ധ റോഡുകളുടെ നിർമാണത്തിന് വലിയ തുക ചെലവാകില്ല.
2 പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നത് വഴി ഇവിടത്തെ വ്യാപാര, സാമൂഹിക വിനിമയങ്ങൾ വർധിക്കും.
ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ മേഖലകളുടെ പുരോഗതിക്ക് പാലം നിർമാണം അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികൾ മുൻകൈ എടുത്ത് പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

