സിനിമയിലെ രഹസ്യം കണ്ടെത്തുന്നതിൽപ്രേക്ഷകനു ത്രിൽ
കൊച്ചി∙ സിനിമയിലെ ചോദ്യങ്ങൾക്ക് അവയ്ക്കു തൊട്ടുതാഴെത്തന്നെ ഉത്തരം നൽകേണ്ട കാലം പോയെന്നും സിനിമയിൽ പലയിടത്തായി ഉത്തരങ്ങൾ ഒളിപ്പിച്ചുവച്ചാൽ അതു കണ്ടുപിടിക്കുന്നതിന്റെ ത്രിൽ ആസ്വദിക്കുന്ന നിലവാരത്തിലേക്കു പ്രേക്ഷകർ വളർന്നുകഴിഞ്ഞെന്നും പുതുമുഖ സിനിമാ പ്രവർത്തകരുടെ വിലയിരുത്തൽ.
ഹോർത്തൂസിൽ ‘സ്റ്റോറീസ് ഇൻ യൂണിഫോം: സിനിമയിലെ ത്രില്ലും ത്രില്ലറും’ എന്ന സെഷനിലായിരുന്നു ഇത്.
സിനിമയിലെ ‘ജോർജ് സാർ’ യഥാർഥ ജീവിതത്തിൽ സാധ്യമല്ലെന്നും അത്രയേറെ രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവു പൊലീസ് സ്റ്റേഷനില്ലെന്നും ഷാഹി കബീർ പറഞ്ഞു. ‘സിനിമാറ്റിക് ലിബർട്ടി’യിൽ മികച്ച ആസ്വാദനത്തിനായി സൃഷ്ടിച്ച കഥാപാത്രങ്ങളായി കണ്ടാൽ മതി.
തന്റെ സിനിമകളിൽ ‘റോന്തി’ൽ മാത്രമാണു തനിക്കറിയുന്ന പൊലീസുകാരന്റെ അനുഭവം ഉൾപ്പെടുത്തിയതെന്നും ഉദാഹരണസഹിതം ഷാഹി പറഞ്ഞു.
തന്റെ സിനിമകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അതിൽത്തന്നെ പലപ്പോഴായി കടന്നുവരുന്നുണ്ടെന്നും അതിനെക്കുറിച്ചു തനിയെ ചർച്ചകൾ ഉയർന്നുവരുന്നതിൽ സന്തോഷമുണ്ടെന്നും തിയറ്ററിൽ വൻ വിജയമായ ‘എക്കോ’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ബാഹുൽ രമേഷ് പറഞ്ഞു. കാട് കഥാപശ്ചാത്തലമാക്കുമ്പോൾ കഥ പറച്ചിലും ചിത്രീകരണവും എളുപ്പമാണെന്നും മൃഗങ്ങളെ ‘അഭിനയിപ്പിക്കുമ്പോൾ’ അവയുടെകൂടി സ്വാതന്ത്ര്യം പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മുത്തങ്ങ സമരത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയല്ല, സിനിമയാണു താൻ എഴുതിയതെന്നു തിരക്കഥാകൃത്ത് അബിൻ ജോസഫ് പറഞ്ഞു. ‘നരിവേട്ട’ എന്ന സിനിമ മുത്തങ്ങ സമരത്തോടു നീതിപുലർത്തിയിട്ടില്ലെന്ന സി.കെ.ജാനുവിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അബിൻ.
വലിയ ചെലവുള്ള കച്ചവടസാധ്യതയുള്ള സിനിമകളെ റിയൽ ലൈഫ് സ്റ്റോറിയായി എഴുതാനാവില്ല. സി.കെ.ജാനു പണം മുടക്കാൻ തയാറാണെങ്കിൽ ഡോക്യുമെന്ററിയായി മുത്തങ്ങ സമരചരിത്രം ചെയ്യാമെന്നും അബിൻ പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സന്തോഷ് ജോൺ തൂവൽ മോഡറേറ്ററായി.
സിസ്റ്റത്തിന് പരുക്കേൽക്കാതിരിക്കാൻ ‘നോ’ പറയണം: പ്രശാന്ത് നായർ
∙ ഭരണഘടനാ വിരുദ്ധമായ നിർദേശങ്ങൾക്കെതിരെ നിലപാടെടുക്കാനുള്ള ആർജവം കാണിക്കുന്ന വില്ലേജ് ഓഫിസർമാരും പഞ്ചായത്ത് സെക്രട്ടറിമാരും സിവിൽ പൊലീസ് ഉദ്യോഗസ്ഥരുമാണു നമ്മുടെ ‘സിസ്റ്റത്തെ’ പരുക്കേൽക്കാതെ മുന്നോട്ടു നയിക്കുന്നതെന്നു പ്രശാന്ത് നായർ.
അല്ലാതെ ഉന്നത ഉദ്യോഗസ്ഥരല്ല ജനാധിപത്യത്തെ സംരക്ഷിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എളിമയോടെയെങ്കിലും ‘നോ’ പറയാൻ കഴിയാത്ത ഐഎഎസുകാരും ഐപിഎസുകാരും വേറെ പണിക്കു പോകുന്നതാണു നല്ലതെന്നും ഹോർത്തൂസിൽ ‘ജോർജ് ഏമാന്മാരുടെ ജനമൈത്രി; പൊലീസ് സ്റ്റേഷനിലെ കുത്തും കോമയും’ എന്ന ചർച്ചയിൽ പ്രശാന്ത് പറഞ്ഞു.
ബലപ്രയോഗം ചില സമയങ്ങളിൽ ആകാമെന്ന അധികാരം പൊലീസിനു നൽകിയിട്ടുണ്ടെങ്കിലും ആരെയും മർദിക്കാനുള്ള അവകാശം പൊലീസിനില്ലെന്നു മുൻ ഡിജിപി എ.ഹേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥരെ താനിപ്പോൾ പേരാണു വിളിക്കുന്നതെന്നും മൊട
കാണിക്കുന്നവരെ തിരിച്ച് ‘എടാ’ എന്നാണു വിളിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത അഡ്വ.ഹരീഷ് വാസുദേവനും പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ മർദമേറ്റതിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പൊതുജനമധ്യത്തിൽ കൊണ്ടുവന്ന വി.എസ്.സുജിത്ത് എന്നിവരെ സാക്ഷികളാക്കിയായിരുന്നു അഭിപ്രായം. മനോരമ ന്യൂസ് ചാനൽ സീനിയർ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ ചർച്ച നിയന്ത്രിച്ചു.
മറുകര തേടുന്ന മലയാളം മറുകര തേടുന്ന മലയാളത്തെ പിന്തുണച്ച് യുവ എഴുത്തുകാർ
∙ മലയാള കൃതികൾ ഇംഗ്ലിഷ് ഉൾപ്പെടെ മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുമ്പോൾ മൂലകൃതിയോട് എത്രമാത്രം സത്യസന്ധത പുലർത്തിയെന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നു ജിസാ ജോസ്, ഷീല ടോമി, എൻ.ഇ.സുധീർ എന്നിവർ അഭിപ്രായപ്പെട്ടു. എഴുതുന്നത് ആരു വായിക്കുമെന്ന ആശങ്കയില്ലാതെയാണ് എഴുതുന്നതെന്നു ഷീല ടോമി പറഞ്ഞു.
സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങൾ അപൂർവമായേ പരിഭാഷയ്ക്കു തിരഞ്ഞെടുക്കാറുള്ളൂവെന്നു ജിസാ ജോസ് പറഞ്ഞു. ഇംഗ്ലിഷിനൊപ്പം ഇന്ത്യൻ ഭാഷകളിലേക്കും മലയാള കൃതികൾ പരിഭാഷപ്പെടുത്തണമെന്ന് എൻ.ഇ.സുധീർ പറഞ്ഞു. വിവർത്തക സി.കബനി ചർച്ച നിയന്ത്രിച്ചു.
‘സ്ത്രീകളുടെ ഭാവനയും നർമബോധവും മികച്ചത്’
∙ ‘സ്ത്രീകളുടെ ഭാവനയും നർമബോധവും പരിധികളില്ലാത്തതും പലപ്പോഴും പുരുഷൻമാരുടേതിനെക്കാൾ മികച്ചതുമാണെന്ന് എഴുത്തുകാരി സന്ധ്യാമേരി അഭിപ്രായപ്പെട്ടു. ഹോർത്തൂസിൽ എഴുത്തുകാരായ അയ്മനം ജോൺ, രാജീവ് ശിവശങ്കർ എന്നിവരോടൊപ്പം ‘ഭാവനയുടെ രസതന്ത്രം’ എന്ന സെഷനിൽ പങ്കെടുക്കുകയായിരുന്നു സന്ധ്യാമേരി.
സ്ത്രീകൾ പൊതുസ്ഥലങ്ങളിലേക്കു വരുന്നതു കുറവായിരുന്നതിനാലും പുരുഷൻ അടുക്കളവട്ടത്തിലേക്ക് എത്തിനോക്കാതിരുന്നതിനാലും സ്ത്രീനർമം സമൂഹം അറിയാതെ പോയിരുന്ന സ്ഥിതിക്കു മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നു സന്ധ്യാമേരി കൂട്ടിച്ചേർത്തു.
ഭാവനയേക്കാൾ സ്വാതന്ത്ര്യം നൽകുന്ന മറ്റൊന്നില്ലെന്നും അതു നാട്യങ്ങളില്ലാത്തതാണെന്നും നോവലിസ്റ്റ് അയ്മനം ജോൺ പറഞ്ഞു. ജീവിതത്തിൽ സാധ്യമല്ലാത്ത പലതും എഴുത്തിന്റെ ഭാവനയിൽ സാധ്യമാകുമെന്നും പ്ലാൻ ചെയ്ത് ഭാവനയിലൂടെ എഴുതുന്നതിലും സർഗാത്മകതയുണ്ടെന്നും നോവലിസ്റ്റ് രാജീവ് ശിവശങ്കർ അഭിപ്രായപ്പെട്ടു. ഉണ്ണിക്കൃഷ്ണൻ കിടങ്ങൂർ മോഡറേറ്ററായി.
കല, സാങ്കേതികം ആഘോഷമാക്കി ജെയിൻ
∙ ഹോർത്തൂസിൽ കലയുടെയും സാങ്കേതികവിദ്യയുടെയും വേറിട്ട
കാഴ്ചകളൊരുക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ പവിലിയൻ സന്ദർശകർക്കു കൗതുകവും വിജ്ഞാനവും പകരുന്ന വേദിയായി. വിആർ പെയ്ന്റിങ്, ഫെയ്സ് പെയ്ന്റിങ്, ടാറ്റൂ ആർട്ട്, നെയിൽ ആർട്ട്, പ്ലേറ്റ് പെയ്ന്റിങ്, ലെറ്റർ റൈറ്റിങ്, ഇന്ററാക്ടീവ് ഗെയിം സോൺ, എഐ ഫോട്ടോ ബൂത്ത് തുടങ്ങിയ ആകർഷണങ്ങളാണു പവിലിയനിലുള്ളത്.വിദ്യാർഥികൾ രൂപകൽപന ചെയ്ത കടലാസ് ശിൽപം കൗതുകക്കാഴ്ചയാണ്. കലയും വിനോദവും കോർത്തിണക്കിയുള്ള വൈവിധ്യമാർന്ന പരിപാടികളും പവിലിയനിൽ അരങ്ങേറി.
പുളിയുടെ അളവ് അറിയാമോ;ഫുഡ് ക്രിട്ടിക് ആകാം:ഷെഫ് പിള്ള
∙ പുളിയുടെ അളവു കൃത്യമായി തിരിച്ചറിയാൻ കഴിവുള്ളവരാണ് യഥാർഥ ഫുഡ് ക്രിട്ടിക് എന്നു ഷെഫ് സുരേഷ് പിള്ള പറഞ്ഞു.
കേരളത്തിലെ ആഹാരം കഴിഞ്ഞാൽ കൂടുതൽ ഇഷ്ടം ആരോഗ്യം പ്രദാനം ചെയ്യുന്ന ജാപ്പനീസ് ഭക്ഷണമാണ്. മലയാള മനോരമ മലപ്പുറം കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോണുമായുള്ള സംവാദത്തിൽ അദ്ദേഹം രുചിയുടെ വിവിധ വശങ്ങൾ പരിചയപ്പെടുത്തി.
രാഷ്ട്രീയം പറയാൻ മടിയില്ല: നിഖില
∙ എല്ലാ കാര്യത്തിലും രാഷ്ട്രീയം വേണമെന്നാണ് അഭിപ്രായമെന്നും സ്വന്തം രാഷ്ട്രീയം തുറന്നു പറയുന്നതിൽ മടി കാണിക്കാറില്ലെന്നും നടി നിഖില വിമൽ.
‘വീട്ടിൽ എല്ലാവർക്കും രാഷ്ട്രീയമുണ്ട്. അതു കണ്ടാണു വളർന്നത്.
എന്നെ കേൾക്കാനും ആളുണ്ടായിരുന്നു. പക്വത കൈവരിക്കുന്നത് അത്തരത്തിലാണ്. സിനിമയിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഡിജിറ്റലിലേക്കു മാറിയതുതന്നെ ജോലിപരമായി വലിയ മാറ്റമുണ്ടാക്കി. സെറ്റിൽ 3 കാരവാൻ വരെ എത്തി.
ഇനിയും മാറ്റങ്ങൾ ആവശ്യമുണ്ട്. എനിക്ക് മുൻപുള്ളവരും ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സംഘടനകളും ശബ്ദമുയർത്തിയതിന്റെ ഫലമാണ് എനിക്കു ലഭിക്കുന്ന സൗകര്യങ്ങളിൽ പലതും.
അടുത്ത തലമുറയ്ക്കായി ഞാനുൾപ്പെടെയുള്ളവർ ശബ്ദമുയർത്തേണ്ടതുണ്ട്.
സിനിമാനയനിർമാണം പുരോഗമിക്കുകയാണ്. എല്ലാവരിൽനിന്നും അഭിപ്രായങ്ങളെടുത്തശേഷം നയം തയാറാക്കും.
അടുത്തിടപഴകിയുള്ള സീനുകൾ ഉണ്ടെങ്കിൽ നടിയുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഇപ്പോൾ ഷൂട്ടിങ് നടക്കൂ. സമ്മതമല്ലെങ്കിൽ കഥ കേൾക്കുമ്പോൾ തന്നെ പിന്മാറാൻ തയാറാകണം.– നിഖില പറഞ്ഞു.
മലയാള മനോരമ സീനിയർ സബ് എഡിറ്റർ റിയ ജോയ് ചർച്ച നിയന്ത്രിച്ചു.
ഇത്രയും വലിയ അക്ഷരോത്സവം കൊച്ചിക്ക് ആദ്യം. ഒരുപാടു വ്യത്യസ്ത മേഖലകളിലെ പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള ചർച്ചകളും വിദഗ്ധരുമായിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരവും ഹോർത്തൂസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അടുത്ത വർഷം ഇവിടെത്തന്നെ വീണ്ടും ഹോർത്തൂസ് നടത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.
തോമസ് യോയാക്ക് റിട്ട. അധ്യാപകൻ
പുസ്തകചർച്ചകളും രാഷ്ട്രീയചർച്ചകളും ഇഷ്ടമാണ്.
എഴുതാനുള്ള താൽപര്യമുണ്ട്. സമയമില്ലാത്തതു കൊണ്ടാണു വൈകുന്നേരങ്ങളിൽ വരുന്നത്.
ഇല്ലെങ്കിൽ രാവിലെത്തന്നെ വന്നു സെഷനുകളിൽ പങ്കെടുക്കുമായിരുന്നു. ഹോർത്തൂസ് ഇനിയും കൊച്ചിയിലേക്കു വരണമെന്ന് ആഗ്രഹിക്കുന്നു.
ശജിത ശെൽജി കൊച്ചി
ബഹുസ്വരത നിലനിൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു.
വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും മിത്തോളജിയിൽനിന്നുമാണു ഫാന്റസി കഥാപാത്രങ്ങളെ സൃഷ്ടിക്കാനാകുക. സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ നടക്കണം.
സ്പെക്കുലേറ്റീവ് ഫിക്ഷനുകൾക്കു വലിയ സാധ്യതയുണ്ട്. അത്തരം കഥകൾക്കു പ്രസാധക പിന്തുണയും നിർലോഭം.
നമ്മൾ വിചാരിക്കുന്നതിനെക്കാൾ കൂടുതലായി കഥകൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഭൂതകാലം, വർത്തമാനകാലം, ഭാവികാലം ഇവയെക്കുറിച്ചെല്ലാം എനിക്ക് എഴുതണം.
റിയലിസമോ നോൺറിയലിസമോ… ഏതു സങ്കേതം ഉപയോഗിച്ചാലും കുഴപ്പമില്ല.
ഇന്ദ്രദാസ്, എഴുത്തുകാരൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

