പറവൂർ/ കാക്കനാട് ∙ സിപിഐയിലെ ഉൾപ്പോരിനെ തുടർന്ന് എറണാകുളം ജില്ലയിലെ ചില പ്രധാന നേതാക്കളും അനുയായികളും സിപിഎമ്മിലേക്ക്; അലോസരം എൽഡിഎഫിലും. പറവൂരിലും തൃക്കാക്കരയിലുമാണു സിപിഐ നേതാക്കൾ സിപിഎമ്മിലേക്കു ചേക്കേറിയത്.
പറവൂരിൽ സിപിഐ പ്രവർത്തകർ രാജിവച്ച് സിപിഎമ്മിൽ ചേർന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്.
സതീഷ് പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ പരസ്യമായി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളിലും അസ്വസ്ഥത പടരുകയാണ്.
പകരത്തിനു പകരമെന്നോണം, സിപിഎമ്മിൽനിന്നു സിപിഐയിൽ ചേരുന്നവരെ സ്വീകരിക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് അരുണിന്റെ തീരുമാനം.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ.ബി. സോമശേഖരന്റെ നേതൃത്വത്തിൽ ഒക്ടോബർ 6 നു പറവൂരിൽ വിവിധ പാർട്ടികളിൽനിന്നു സിപിഐയിൽ ചേരുന്നവരെ സ്വീകരിക്കുന്ന ചടങ്ങിലാണു അരുൺ പങ്കെടുക്കുക.
തൃക്കാക്കരയിൽ സിപിഐ കൗൺസിലർ സിപിഎമ്മിലേക്ക്
കൊച്ചി∙ പറവൂരിൽ പ്രവർത്തകർ സിപിഐ വിടുന്നതിനു പിന്നാലെ തൃക്കാക്കരയിൽ സിപിഐ കൗൺസിലർ സിപിഎമ്മിലേക്ക്.
അത്താണി വാർഡ് കൗൺസിലർ എം.ജെ. ഡിക്സൻ സിപിഎമ്മിൽ ചേരും.
അടുത്ത മാസം ആദ്യം കൗൺസിലർ സ്ഥാനം രാജിവച്ചു സിപിഎമ്മിലേക്കു പോകാനാണു ഡിക്സന്റെ തീരുമാനം.
നഗരസഭയിൽ സിപിഐയ്ക്കു 2 കൗൺസിലർമാരാണുള്ളത്. രണ്ടാമത്തെ കൗൺസിലറുമായും പാർട്ടി നല്ല ബന്ധത്തിലല്ല.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച, വാരിക്കോരിച്ചിറ ഉദ്ഘാടനച്ചടങ്ങിൽനിന്നു സിപിഐ നേതാക്കൾ വിട്ടു നിന്നു. ഈ ചടങ്ങിലേക്കു ഡിക്സനെയും നേരത്തേ പാർട്ടി വിട്ടു സിപിഎമ്മിലേക്കു പോയ കൗൺസിലർ ജിജോ ചിങ്ങംതറയെയും ക്ഷണിച്ചതാണു സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്.
കുറച്ചുനാളായി ഡിക്സനും പാർട്ടിയും അകൽച്ചയിലാണ്. ഇത്തവണ പാർട്ടി സമ്മേളനത്തിനു മുന്നോടിയായി അദ്ദേഹം അംഗത്വം പുതുക്കിയതുമില്ല.
അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിൽ മത്സരിക്കുമെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു.
‘സിപിഐയിൽ ഉന്മൂലന സിദ്ധാന്തം’
സിപിഐയിൽ പൊതുപ്രവർത്തനം നടത്താൻകഴിയുന്ന സാഹചര്യമില്ലെന്നു രാജിവച്ചു സിപിഎമ്മിൽ ചേർന്ന മുൻ ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ ആരോപിച്ചു.
ഉന്മൂലന സിദ്ധാന്തം നടപ്പാക്കുകയാണു സിപിഐ നേതൃത്വം. മുൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കോക്കസ്തന്നെ പ്രവർത്തിക്കുന്നുണ്ട്.
തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പാർട്ടിയിൽ വേണ്ടെന്ന നിലപാടിലാണു പ്രവർത്തനം. തന്നെ ഒരു പക്ഷത്തിന്റെ ആളായി ചിത്രീകരിക്കുകയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്നതിനാലാണു സിപിഎമ്മിലേക്കു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലങ്ങാട് ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗത്വം രവീന്ദ്രൻ രാജിവച്ചിരുന്നു.
സിപിഐ ജില്ലാ കമ്മിറ്റി അംഗം, കളമശേരി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, കളമശേരി മണ്ഡലം സെക്രട്ടറി, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പറവൂരിൽ സിപിഐ വിടുന്നത് ഏതാനും പേർ മാത്രം: അരുൺ
പറവൂരിൽ ഒട്ടേറെ സിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നു സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ.
വളരെ ചുരുക്കം ആളുകളാണു പോയതായി മനസ്സിലായത്. അതിൽ ഒന്നോ രണ്ടോ പേർ ഒഴികെയുള്ളവർ പാർട്ടി സംഘടനാ നടപടിയെടുത്തവരോ പുറത്താക്കിയവരോ ആണ്.
വാസ്തവവിരുദ്ധമായ പ്രചാരണം നടത്തിവരുന്നവരെ സ്വീകരിക്കുന്ന ചടങ്ങിൽ ഉദ്ഘാടകനായി സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്തത് അനുചിതമായി.
പറവൂരിൽ ഒരു വർഷത്തിനിടെ സിപിഎം നേതൃനിരയിൽ ഉൾപ്പെട്ടവരടക്കം ഒട്ടേറെപ്പേർ സിപിഐയിൽ ചേർന്നിരുന്നു. എന്നാൽ, സിപിഐ ജില്ലാ നേതൃത്വം വലിയ പ്രചാരണം നടത്തിയല്ല ആ സഖാക്കളെ സ്വീകരിച്ചത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അനാവശ്യമായ ചർച്ചകൾക്ക് ഇടവരുത്തുമെന്ന ബോധ്യം കൊണ്ടാണ് അത്തരം പരിപാടികൾ സംഘടിപ്പിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ചുവപ്പുമാലയണിയിച്ചു സ്വീകരണം
പറവൂരിൽ സിപിഎമ്മിൽ ചേർന്നവരെ ജില്ലാ സെക്രട്ടറി എസ്. സതീഷ് ചുവപ്പുമാല അണിയിച്ചു സ്വീകരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ അധ്യക്ഷനായി.
കെ.വി. രവീന്ദ്രൻ, അന്തരിച്ച സിപിഐ നേതാവ് കെ.സി.
പ്രഭാകരന്റെ മകളും സിപിഐ ജില്ലാ കൗൺസിൽ മുൻ അംഗവുമായ രമ ശിവശങ്കരൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ഷെറൂബി സെലസ്റ്റീന, മണ്ഡലം കമ്മിറ്റി അംഗവും ഏഴിക്കര മുൻ ലോക്കൽ സെക്രട്ടറിയുമായ സി.കെ. മോഹനൻ എന്നിവർ ഉൾപ്പെടെ എൺപതോളം പേരാണു സിപിഎമ്മിൽ ചേർന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]