മട്ടാഞ്ചേരി∙ കൊച്ചി ഫിഷറീസ് ഹാർബറിൽ കൂലിത്തർക്കത്തെ തുടർന്ന് വീണ്ടും സംഘർഷാവസ്ഥ. ഹാർബറിലെ മീൻ ഇറക്ക് വിഭാഗം തൊഴിലാളികളുടെ കൂലിത്തർക്കത്തെ തുടർന്ന് ഇന്നലെ കയറിയ ബോട്ടിലെ മീൻ ഇറക്കാൻ സിപിഎൽയു, സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളികൾ തയാറായില്ല.
ഇതോടെ ബോട്ട് കെട്ടിയിട്ട് ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളികളും മടങ്ങി.
കടലിലേക്ക് മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടുകൾ അവർ തിരിച്ചു വിളിച്ചു. ഇന്നലെ മത്സ്യബന്ധനത്തിന് പോയ 16 ബോട്ടുകളും മത്സ്യബന്ധനം പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങിയതായി കേരള പഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
ബോട്ടിലെ മത്സ്യം നശിക്കുന്ന സ്ഥിതിയാണ്.
കൂലിത്തർക്കത്തെ തുടർന്ന് ആഴ്ചകൾക്ക് മുൻപ് ഹാർബറിന്റെ പ്രവർത്തനം സ്തംഭിച്ചിരുന്നു. തുടർന്ന് ഹാർബർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ബോട്ടുടമകൾ കൂലിയുമായി ബന്ധപ്പെട്ട് 3 നിർദേശങ്ങൾ വച്ചിരുന്നു.
കഴിഞ്ഞ 25നുള്ളിൽ കരാർ ഒപ്പിടാമെന്ന് തൊഴിലാളി യൂണിയൻ ഉറപ്പ് നൽകിയിരുന്നതായി ബോട്ട് ഉടമകൾ പറയുന്നു.
കരാർ ഒപ്പിടാതെ കൂലി നൽകാൻ ആകില്ലെന്ന നിലപാടിൽ ബോട്ട് ഉടമകൾ ഉറച്ചു നിന്നു. എന്നാൽ, കഴിഞ്ഞ 45 ദിവസമായി പണിയെടുത്ത കൂലി നൽകാത്തത് പ്രതിഷേധാർഹമാണെന്നും ഇനി മുതൽ കൂലി നൽകുന്ന ബോട്ടുകളിൽ മാത്രമേ പണി എടുക്കൂവെന്ന നിലപാടിൽ തൊഴിലാളികളും എത്തി.
ഇന്നലെ ഹാർബറിൽ എത്തിയ ബോട്ടുകളിൽ കൂലി നൽകിയ ബോട്ടുകളിലെ മീൻ തൊഴിലാളികൾ ഇറക്കി.
മറ്റ് ബോട്ടുകളിലെ മീൻ ഇറക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പിടിക്കുന്ന മത്സ്യത്തിന്റെ മൊത്തം വിലയുടെ 2 ശതമാനമാണ് പഴ്സീൻ നെറ്റ് മീൻ ഇറക്ക് വിഭാഗം തൊഴിലാളികൾക്ക് നൽകിയിരുന്നത്.
പ്രവർത്തനച്ചെലവ് കഴിച്ചുള്ള തുകയുടെ ശതമാനം നൽകാനേ കഴിയൂ എന്ന നിലപാടിലാണ് ബോട്ടുടമകൾ. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുകയും ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്ന സിഐടിയു നടപടി തുടർന്നാൽ പഴ്സീൻ ബോട്ടുകൾ മത്സ്യബന്ധനം നിർത്തുമെന്നും നിരന്തര സമരത്തിലേക്ക് നീങ്ങുമെന്നും കേരള പഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി സ്റ്റാൻലി മാർക്കോസ്, വൈസ് പ്രസിഡന്റ് പി.ജെ.മൈക്കിൾ, വി.ആർ.ജോഷി, വി.പി.പ്രീജൻ എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]