കൊച്ചി ∙ കുറഞ്ഞ വിലയ്ക്കു ഭക്ഷണം നൽകാനായി കൊച്ചി കോർപറേഷൻ ആരംഭിച്ച ‘ഇന്ദിര കന്റീൻ’ തുടക്കത്തിൽ തന്നെ സൂപ്പർ ഹിറ്റ്. കോർപറേഷൻ ഇടപ്പള്ളി സോണൽ ഓഫിസിൽ ആരംഭിച്ച ഇന്ദിര കന്റീനിൽ ഉദ്ഘാടനം കഴിഞ്ഞു രണ്ടാഴ്ചയ്ക്കിടെ പ്രഭാത ഭക്ഷണമായി 10,268 ഇഡ്ഡലി സെറ്റാണു വിറ്റത്.
ഒരു സെറ്റിൽ 3 ഇഡ്ഡലി വച്ചു കണക്കാക്കിയാൽ 30,804 ഇഡ്ഡലികൾ. ഒരു സെറ്റ് ഇഡ്ഡലിക്ക് 10 രൂപയാണു നിരക്ക്.
ഉച്ചയ്ക്ക് 30 രൂപയ്ക്കു നൽകുന്ന കഞ്ഞി 7,300 എണ്ണവും വൈകിട്ട് 10 രൂപയ്ക്കു നൽകുന്ന ചപ്പാത്തി സെറ്റ് 8,200 എണ്ണവുമാണു രണ്ടാഴ്ചയ്ക്കിടെ വിറ്റത്.
കോർപറേഷന്റെ 50 ദിന കർമ പദ്ധതിയിലും ഡപ്യൂട്ടി മേയർ ദീപക് ജോയ് അവതരിപ്പിച്ച കോർപറേഷൻ ബജറ്റിലും ഉൾപ്പെട്ട ഇന്ദിര കന്റീൻ പദ്ധതിയിലൂടെ ഒരു ദിവസത്തെ ഭക്ഷണം 50 രൂപയ്ക്കു നൽകാനാണു ലക്ഷ്യമിടുന്നത്.
കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ഭക്ഷണത്തിനു പുറമേ കപ്പ, ബിരിയാണി, ഫിഷ്, ബീഫ്, ചിക്കൻ കറി, പൊതിച്ചോറ്, അപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങൾ സാധാരണ നിരക്കിലും കന്റീനിൽ ലഭ്യമാക്കിയിട്ടുണ്ട്.
കോർപറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’യിൽ നിന്നാണ് ഇന്ദിര കന്റീന് ആവശ്യമായ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്നത്.
ഇടപ്പള്ളി മേഖലയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഭക്ഷണത്തിനായി ഇന്ദിര കന്റീനെ ആശ്രയിക്കുന്നുണ്ട്. ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്നവർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാമെന്നതാണു നേട്ടം.
മിക്ക ദിവസങ്ങളിലും ഭക്ഷണത്തിനായി നീണ്ട ക്യൂവാണു കന്റീനു മുന്നിലുള്ളത്.
അടുത്ത ഘട്ടത്തിൽ പശ്ചിമ കൊച്ചിയിലും ഇന്ദിര കന്റീൻ തുടങ്ങാനാണു കോർപറേഷൻ ലക്ഷ്യമിടുന്നത്.
വാണിജ്യ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിറകടുപ്പിനെ കൂടി ആശ്രയിച്ചാണ് സമൃദ്ധിയിലെ പാചകം. പ്രതിദിനം 30– 32 ഗ്യാസ് സിലിണ്ടറുകളാണു സമൃദ്ധിക്ക് ആവശ്യം.
നിലവിൽ 10 സിലിണ്ടറുകൾ മാത്രമാണു ലഭിക്കുന്നത്. നോർത്തിലെ സമൃദ്ധി @ കൊച്ചിക്കു മുൻപിൽ പ്രത്യേക പന്തലിട്ടാണു വിറകടുപ്പിൽ പാചകം ചെയ്യുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

