കൊച്ചി ∙ കാൽനടയാത്രക്കാർക്കു വേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിച്ചാണു സഹോദരൻ അയ്യപ്പൻ റോഡിലുൾപ്പെടെ നടപ്പാതകൾ പണിതിട്ടുള്ളത്. എന്നാൽ ഇതിലൂടെ നടക്കുന്ന കാൽനടയാത്രക്കാർക്ക് ഭീഷണിയാണു നടപ്പാതകളിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അപകടപ്പാച്ചിൽ.
അതിവേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾക്കു വഴി നൽകാനായി കാൽനടയാത്രക്കാർ നടപ്പാതയിൽ നിന്ന് ഒഴിഞ്ഞു മാറേണ്ട സാഹചര്യമാണുള്ളത്.
കടവന്ത്ര ജംക്ഷൻ, പനമ്പിള്ളി നഗർ ജംക്ഷൻ, വെറ്റില ജംക്ഷൻ എന്നിവിടങ്ങളിലെ സിഗ്നലുകളിലെ പതിവു കാഴ്ചയാണ് ഈ ഇരുചക്ര വാഹനങ്ങളുടെ കാൽനടപ്പാത യാത്ര.
ഇടതുവശം ചേർന്നു പോകുന്ന ഇരുചക്ര വാഹനങ്ങൾ ഗതാഗത കുരുക്കിൽ കുടുങ്ങുന്നതോടെ നേരെ കാൽനടപ്പാതയിലേക്കു കയറ്റുന്നതാണു പൊതുവേയുള്ള രീതി. ഇതോടെ കാൽനടയാത്രക്കാർ മാറി നിൽക്കണം.
ഇല്ലെങ്കിൽ വാഹനങ്ങൾ ഇടിക്കും.
പശ്ചിമ കൊച്ചി– എറണാകുളം റോഡിലെ വെണ്ടുരുത്തി, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങളിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോഴും ഇരുചക്ര വാഹനങ്ങൾ കാൽനടപ്പാതകളിലൂടെ വാഹനമോടിക്കും. നിയമവിരുദ്ധമായി ഇങ്ങനെ വാഹനങ്ങൾ ഓടിക്കുന്നതു തടയാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
നോൺ മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് (കെഎംആർഎൽ) മെട്രോ പാതയോടു ചേർന്നുള്ള പല ഭാഗങ്ങളിലും മികച്ച നിലവാരത്തിൽ കാൽനടപ്പാതകൾ പണിതത്. വാഹനങ്ങൾ കാൽനടപ്പാതയിലേക്കു പ്രവേശിക്കാതിരിക്കാൻ വേണ്ടി പലയിടങ്ങളിലും ബൊള്ളാഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പക്ഷേ, ജംക്ഷനോടു ചേർന്നുള്ള ഭാഗങ്ങളിൽ കടകൾക്കു മുന്നിൽ നടപ്പാതയ്ക്കു ചെരിവുണ്ട്.
ഇതു മുതലെടുത്താണു നടപ്പാതയിലേക്ക് ഇരുചക്ര വാഹനങ്ങൾ കയറ്റുന്നത്. പിന്നീട് ഒരു കുരുക്കിലും കുടുങ്ങാതെ സിഗ്നലിനു തൊട്ടു മുൻപു വരെ ഓടിച്ചെത്താം.
രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്തു നടപ്പാതയും തങ്ങളുടേതെന്ന മട്ടിലാണു ചില ഇരുചക്ര വാഹനങ്ങൾ ഇതുപയോഗിക്കുന്നത്.
വാഹനങ്ങൾ കയറ്റിയിറക്കുന്നതു മൂലം പല സ്ഥലത്തും കാൽനടപ്പാത നശിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ വാഹനങ്ങൾ തുടർച്ചയായി ഈ നടപ്പാത ഉപയോഗിച്ചാൽ ഏറെ വൈകാതെ ഇതു പൊട്ടിപ്പൊളിഞ്ഞു നടക്കാൻ പോലും കഴിയാത്ത രീതിയിൽ തകരും.
കാൽനടപ്പാത വഴിയുള്ള ഇരുചക്രവാഹന യാത്ര തടയാൻ പൊലീസ് അടിയന്തരമായി ഇടപെടേണ്ടതുണ്ട്; നടപ്പാതയെങ്കിലും കാൽനടയാത്രക്കാർക്കായി വിട്ടു നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]