
കിഴക്കമ്പലം∙ രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്ന പോഞ്ഞാശേരി റോഡിൽ വഴിയേത് കുഴിയേത് എന്നറിയാതെ വാഹന അപകടങ്ങൾ പെരുകുന്നു. 2021ൽ ഉന്നത നിലവാരത്തിൽ തുടങ്ങിയ റോഡ് നിർമാണമാണ് എങ്ങുമെത്താതെ കോടതിയും കേസുമായി യാത്രക്കാരെ പെരുവഴിയിലാക്കുന്നത്.
2021 ജനുവരി 21ന് എഗ്രിമെന്റ് വച്ച് സൈറ്റ് കോൺട്രാക്ടർക്ക് കൈമാറിയ റോഡ് 6 മാസ കാലയളവിൽ പ്രവൃത്തി പൂർത്തീകരിക്കേണ്ടതാണ്. ഈ കാലയളവിൽ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ കരാറുകാരന് പിഴയാെടുക്കി ആറുമാസംകൂടി പ്രവൃത്തിക്കുള്ള സമയം നീട്ടിനൽകി എന്നിട്ടും പണി എങ്ങുമെത്തിയില്ല.
ഇത്തരത്തിൽ ആറു തവണയാണ് പിഴയാെടുക്കി പണി രണ്ടുവർഷം നീട്ടിയത്.
എന്നിട്ടും പണി എങ്ങുമെത്താതായതോടെ കരാറുകാരനെ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കി. കാരണം ബോധിപ്പിക്കാൻ വകുപ്പ് നിർദേശവും നൽകി. എന്നാൽ കരാറുകാരൻ കാരണം ബോധിപ്പിക്കാതെ വന്നതോടെ നിർമാണം കരാറുകാരന്റെ ഉത്തരവാദിത്തത്തിൽ പുനഃക്രമീകരിക്കാൻ 2023 മാർച്ച് 7ന് വീണ്ടും ഉത്തരവായി.
എന്നാൽ ഇതിനെ ചോദ്യം ചെയ്ത് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. കരാറുകാരനെ വീണ്ടും കേൾക്കാൻ കോടതി വകുപ്പിന് നിർദേശം നൽകി.
എന്നാൽ വാദങ്ങൾ തൃപ്തികരമാകാതെ വന്നതോടെ കരാറിൽ നിന്ന് ഒഴിവാക്കി. 2024 ജൂലൈ മാസം വീണ്ടും ടെൻഡർ ചെയ്തെങ്കിലും ആരും പങ്കെടുത്തില്ല.
തുടർന്നുള്ള മൂന്നു മാസങ്ങളിലും ടെൻഡർ നടപടികൾ തുടർന്നെങ്കിലും ആരുമെത്തിയില്ല.
അഞ്ചാമത് നവംബർ മാസം നടന്ന ടെൻഡറിൽ 47.91 ശതമാനം അധിക തുകയ്ക്ക് ടെൻഡെറെടുക്കാൻ ഒരാളെത്തി. അധിക തുകയായതിനാൽ കാബിനറ്റ് അനുമതിക്കായി കാത്തിരിക്കുമ്പോൾ പഴയ കരാറുകാരൻ വീണ്ടും കോടതിയിലെത്തി.
പൊതുമരാമത്ത് ചീഫ് എൻജിനീയർ വീണ്ടും കോടതി നിർദേശത്തിൽ ഹിയറിങ് നടത്തി പുതിയ ടെൻഡർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. ട്വന്റി20യാണ് ബെനാമി കരാറുകാരനുമായി ചേർന്ന് റോഡ് നിർമാണം തടയുന്നതെന്ന് പി.വി.
ശ്രീനിജിൻ എംഎൽഎ ആരോപിച്ചു.
മനുഷ്യച്ചങ്ങല
കിഴക്കമ്പലം∙ പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് ട്വന്റി20 നടത്തുന്ന മനുഷ്യച്ചങ്ങല ഇന്ന് വൈകിട്ട് 4ന് നടക്കും. കിഴക്കമ്പലം ജംക്ഷനിൽ നിന്നു തുടങ്ങി തൈക്കാവ് വരെ നീളുന്ന മൂന്നര കിലോമീറ്റർ ദൂരത്തിൽ തീർക്കുന്ന മനുഷ്യ ചങ്ങലയിൽ അയ്യായിരത്തിൽ ഏറെപ്പേർ പങ്കെടുക്കുമെന്ന് ട്വന്റി20 ഭാരവാഹികൾ അറിയിച്ചു. പൂർണമായും പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള കിഴക്കമ്പലം–പോഞ്ഞാശേരി റോഡ് നന്നാക്കാത്തതിന്റെ പിന്നിൽ കുന്നത്തുനാട് എംഎൽഎയുടെ ചില സാമ്പത്തിക സ്വാർഥ താൽപര്യങ്ങളാണ് എന്ന് ട്വന്റി20 ആരോപിച്ചു. റോഡ് നന്നാക്കാതെ കിടന്നാൽ ട്വന്റി20 പഞ്ചായത്തിന്റെ ഭരണ ദൂഷ്യം ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യം കൂടി എംഎൽഎയ്ക്ക് ഉണ്ടെന്ന് ട്വന്റി20 ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]