പിറവം∙ രാമമംഗലം –ചൂണ്ടി റോഡിൽ പെരുമ്പായിപ്പടിയിൽ ജല അതോറിറ്റിയുടെ പൈപ്പ് തകർന്നു. രാമമംഗലത്തു നിന്നു ചൂണ്ടി ശുദ്ധീകരണ ശാലയിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പാണു ഇന്നലെ വൈകിട്ടു തകർന്നത്.
ഉഗ്ര ശബ്ദത്തിൽ റോഡിന്റെ മധ്യഭാഗത്തുള്ള ടാറിങ് തകർത്തു നൂറു കണക്കിനു ലീറ്റർ വെള്ളം ഒഴുകി എത്തിയോടെ യാത്രക്കാരും വലഞ്ഞു. നാട്ടുകാർ അറിയിച്ചു പമ്പിങ് നിർത്തിയതോടെയാണു ജലപ്രവാഹം ശമിച്ചത്.
300 എംഎം വ്യാസമുള്ള പൈപ്പാണു തകർന്നതെന്നാണു പ്രാഥമിക വിവരം.
രാമമംഗലത്തു നിന്നു കൊച്ചി ധനുഷ്കോടി ദേശീയ പാതയിലേക്കു ചേരുന്ന റോഡാണിത്. നേരത്തെ ജലജീവൻ പദ്ധതിക്കു വേണ്ടി കുഴിച്ച റോഡ് നിരന്തര പ്രതിഷേധത്തെ തുടർന്ന് അടുത്തയിടെയാണ് ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയത്.
നവീകരണ ഘട്ടത്തിൽ കാലഹരണപ്പെട്ട പൈപ്പ് ലൈൻ മാറ്റണമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും ആവശ്യമുയർന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
കിഴക്കൻ മേഖലയിൽ നിന്നു കല്ലും മണ്ണുമായി ടോറസ് ലോറികളുടെ തുടർച്ചയായ സർവീസും പൈപ്പ് തകരുന്നതിനു കാരണമായി പറയപ്പെടുന്നു. ചൂണ്ടി പദ്ധതിയിലേക്കു ചെറുതും വലുതുമായി 900,650,600,300 എംഎം വ്യാസമുള്ള പൈപ്പ് ലൈനുകളാണു റോഡിനടിയിലൂടെ പോകുന്നത്. പൈപ്പ് പൊട്ടലും പിന്നാലെ റോഡ് തകർച്ചയും പതിവായതോടെ പാടശേഖരങ്ങളിലൂടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന മാർഗരേഖ നാട്ടുകാർ അവതരിപ്പിച്ചെങ്കിലും ഇനിയും അനുകൂല മറുപടിയുണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]