
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; 4 ബസ് ജീവനക്കാർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്പൂണിത്തുറ ∙ നഗരത്തിൽ മത്സരയോട്ടം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടം ഉണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവർമാരും കണ്ടക്ടകർമാരും അറസ്റ്റിൽ. ഡ്രൈവർമാരായ എളമക്കര പുതുക്കലവട്ടം ഷങ്കരോത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദ് ആഷിഫ് (22), തിരുവാങ്കുളം കടുംഗമംഗലം സുകുമാര വിലാസം വീട്ടിൽ ശ്യാം ഉണ്ണിക്കൃഷ്ണൻ (32), കണ്ടക്ടർമാരായ തോപ്പുംപടി അമ്മായിമുക്ക് ഭാഗത്ത് എസിടി കോളനിയിൽ മുഹൈജിബി (19), കടുംഗമംഗലം പോസ്റ്റിൽ അമ്പാടിമല ചാപ്പുറത്ത് വീട്ടിൽ നിഖിൽ ചന്ദ്രൻ (37) എന്നവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുക്കലവട്ടം – ചോറ്റാനിക്കര റൂട്ടിൽ ഓടുന്ന തവക്കൽ ബസും ഇതേ റൂട്ടിൽ ഓടുന്ന നടമേൽ ബസും തമ്മിലായിരുന്നു മത്സരം.
വ്യാഴം വൈകിട്ടായിരുന്നു സംഭവം. യാത്രക്കാരുമായി എറണാകുളത്തു ഭാഗത്തു നിന്നു ചോറ്റാനിക്കര ഭാഗത്തേക്കു പോകുന്ന ഇരു ബസുകളും വടക്കേക്കോട്ട ജംക്ഷൻ കഴിഞ്ഞപ്പോൾ റോഡിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മത്സരയോട്ടം നടത്തി എന്നാണ് പൊലീസ് പറയുന്നത്. യാത്രക്കാർ ബസ് നിർത്താൻ ഒച്ച വച്ചെങ്കിലും ബസ് ഡ്രൈവർമാർ അത് ശ്രദ്ധിക്കാതെ യാത്രക്കാരെ ഭീഷണിപ്പെടുത്തി മത്സരയോട്ടം തുടരുകയായിരുന്നു. ബസുകൾ പഴയ ബസ് സ്റ്റാൻഡിനു സമീപം എത്തിയപ്പോൾ തവക്കൽ ബസ് മറികടക്കാൻ ശ്രമിച്ചതോടെ നടമേൽ ബസിന്റെ ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചതോടെ ഇരു ബസുകളും തമ്മിൽ ഇടിച്ചു.
അപകടത്തിൽ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയുടെ വിരലിന്റെ പാതി അറ്റു. മറ്റു ചില യാത്രക്കാർക്കും പരുക്കേറ്റതായി പൊലീസ് പറഞ്ഞു. ഇരു ബസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 ബസിന്റെയും പെർമിറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, എസ്ഐമാരായ കെ.അനില, അനസ് എസ്. തക്ഖഫീക്ക് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.