
രണ്ടാം നിലയിലെ സൺഷേഡിൽ കുടുങ്ങി ആട്; താഴെയിറക്കാൻ പണിപ്പെട്ട് അഗ്നിരക്ഷാസേന
കളമശേരി ∙ ഹിദായത്ത് നഗറിൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷേഡിൽ കുടുങ്ങിയ ആട് അഗ്നിരക്ഷാസേനയെ വട്ടംകറക്കി. ഇടയ്ക്ക് മുട്ടനാട് സേനാംഗങ്ങളെ കുത്താനും ശ്രമിച്ചു.
ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ അഗ്നിരക്ഷാസേന ആടിനെ രക്ഷിച്ചു താഴെയിറക്കി. ആണിത്തോട്ടത്തിൽ എ.എം.ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലാണ് ആട് കുടുങ്ങിയത്.
ഉച്ചയ്ക്കു 12നായിരുന്നു സംഭവം. ആട് കുത്താൻ ശ്രമിച്ചതും കെട്ടിടത്തിനു ചുറ്റും സൺഷേഡിലൂടെ ഓടിയതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
കയർ കൊണ്ട് കുരുക്കുണ്ടാക്കി അരമണിക്കൂർ നേരത്തിനു ശേഷം ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഏലൂർ സ്റ്റേഷൻ ഇൻചാർജ് എം.വി.സ്റ്റീഫന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.മഹേഷ്, എം.എസ്.ശ്യാംകുമാർ, ഇ.കെ.സജിത്കുമാർ, കെ.ആർ.സുനിൽകുമാർ, ടി.എക്സ്.ജയിംസ് എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]