കൊച്ചി ∙ നാമനിർദേശപ്പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും ജില്ലയിൽ യുഡിഎഫിനു തലവേദനയായി റിബലുകൾ തുടരുന്നു. പിന്തിരിപ്പിക്കാൻ പാർട്ടി നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിട്ടും ഏതാനും ചില സ്ഥലങ്ങളിൽ മാത്രമേ വിജയം കണ്ടുള്ളൂ.
പല സീറ്റുകളിലും പാർട്ടി സ്ഥാനാർഥികൾക്കൊപ്പമാണു റിബൽ സ്ഥാനാർഥികളുടെ പ്രചാരണം.കൊച്ചി കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാൻ പരിശ്രമിക്കുന്ന യുഡിഎഫിനു 12 റിബൽ സ്ഥാനാർഥികളെക്കൂടി നേരിടേണ്ട സാഹചര്യമാണ്.
2 സിറ്റിങ് കൗൺസിലർമാർ ബിജെപി സ്ഥാനാർഥികളായും മത്സരിക്കുന്നു. ബിജെപി ടിക്കറ്റിൽ 6 പ്രാവശ്യം കൗൺസിലറായ ശ്യാമള എസ്.
പ്രഭു ഇക്കുറി സ്വതന്ത്രയായാണു മത്സര രംഗത്ത്. നഗരസഭകളിലും പഞ്ചായത്തുകളിലും യുഡിഎഫിനു പുറമേ, എൽഡിഎഫിലും റിബൽ ശല്യമുണ്ട്.
പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ ഒ.
ഇ. അബ്ബാസ് 11 –ാം വാർഡിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു.
ആലുവ നഗരസഭ മുൻ ചെയർപഴ്സൻ കോൺഗ്രസിലെ ലിസി ഏബ്രഹാം 2 –ാം വാർഡിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരത്തിൽ ഉറച്ചുനിൽക്കുന്നു. ആലുവ നഗരസഭയിൽ കോൺഗ്രസിനു 4 റിബലുകളുണ്ട്.
മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫിൽ 3 റിബൽ സ്ഥാനാർഥികൾ ഉറച്ചു മത്സരത്തിൽ നിന്നു മാറിയിട്ടില്ല. പെരുമ്പാവൂർ നഗരസഭയിൽ സിറ്റിങ് കൗൺസിലറും മുൻ അധ്യക്ഷയും കേരള കോൺഗ്രസ് അംഗവുമായ മിനി ജോയ് മുന്നണി സ്ഥാനാർഥിക്കെതിരെ മത്സരത്തിൽ ഉറച്ചുനിൽക്കുന്നു. ശ്രീമൂല നഗരം പഞ്ചായത്തിൽ എൻസിപി സംസ്ഥാന സെക്രട്ടറി മുരളി പൂത്തൻവേലി മുന്നണി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു.
എൻസിപി മത്സരിച്ചിരുന്ന സീറ്റ് ഇക്കുറി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണിത്.
സീറ്റ് നിഷേധിച്ചതിനെത്തുടർന്നു കാലടി പഞ്ചായത്തിൽ ആർഎസ്പി മുന്നണി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു. കോതമംഗലം നഗരസഭയിൽ 18 –ാം വാർഡ് കേരള കോൺഗ്രസിനു കൊടുത്തതിൽ പ്രതിഷേധിച്ചു പത്രിക നൽകിയ കോൺഗ്രസിലെ ഷിബു കുര്യാക്കോസ് മത്സരത്തിൽ ഉറച്ചുനിൽക്കുന്നു. ഞാറയ്ക്കൽ പഞ്ചായത്ത് ഒന്നാം വാർഡിൽ കോൺഗ്രസ് ആദ്യം സീറ്റ് നൽകിയയാളെ മാറ്റി പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
ആദ്യം സീറ്റ് ലഭിച്ചയാൾ ഇവിടെ റിബൽ സ്ഥാനാർഥിയായി മത്സരത്തിൽ തുടരുന്നു.പിറവം നഗരസഭയിൽ സിറ്റിങ് കൗൺസിലർ വിമതയായി മത്സരിക്കുന്നു. പറവൂർ നഗരസഭയിൽ 10 –ാം വാർഡിൽ സിപിഎം സ്ഥാനാർഥിക്ക് റിബൽ ഉണ്ട്.
കൂത്താട്ടുകുളം നഗരസഭയിൽ കോൺഗ്രസിനു 2 റിബലുണ്ട്. ഒരാൾ പിൻമാറി.
യുഡിഎഫിനു മുളന്തുരുത്തി പഞ്ചായത്തിൽ 2, ചോറ്റാനിക്കര ഒന്ന് എന്നിങ്ങനെ റിബലുകളുണ്ട്.
കോതമംഗലം നഗരസഭയിൽ മുൻ അധ്യക്ഷ മഞ്ജു സിജു റിബൽ സ്ഥാനാർഥിയായിരുന്നെങ്കിലും പത്രിക പിൻവലിച്ചു. നഗരസഭയിൽ കേരള കോൺഗ്രസിനു നൽകിയ സീറ്റിൽ കോൺഗ്രസ് സിറ്റിങ് കൗൺസിലർ ഷിബു കുര്യാക്കോസ് റിബലാണ്.
കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ യ്ക്കെതിരെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റിബൽ ആയി പത്രിക നൽകിയപ്പോൾ സൈജന്റ് ചാക്കോ പിൻമാറി. റിബൽ പാർട്ടി സ്ഥാനാർഥി ആയെങ്കിലും ചിഹ്നം ഇല്ല. കീരംപാറ പഞ്ചായത്ത് നിലവിലെ വൈസ് പ്രസിഡന്റ് കേരള കോൺഗ്രസിലെ (ജേക്കബ്) ബീന റോജോ 3 –ാം വാർഡിൽ റിബലാണ്.
അതേ പാർട്ടിയിലെ തന്നെ സിറ്റിങ് മെംബർ വി.കെ. വർഗീസ് 12 –ാം വാർഡിൽ റിബലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

