കളമശേരി ∙ ഇടപ്പള്ളി ടോളിൽ ജ്വല്ലറി ഉടമയുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്തു സ്വർണം കവരാൻ ശ്രമിച്ച സംഭവത്തിൽ സഹോദരന്മാർ പിടിയിൽ. മലപ്പുറം എടക്കര സ്വദേശികളായ തോമസ് (30), മാത്യു (27) എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ പിടിച്ചുപറി, ലഹരിമരുന്നു കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
സാറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽ ഈ മാസം 19ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
കടയിലേക്ക് ഓടിക്കയറിയ തോമസ് ജ്വല്ലറി ഉടമ ബിന്ദുവിന്റെ മുഖത്തു മുളകു പൊടി സ്പ്രേ ചെയ്ത ശേഷം അലമാരയിൽ കയ്യിട്ടു ഡമ്മിയായി പ്രദർശിപ്പിച്ചിരുന്ന 2 മാലകൾ കൈക്കലാക്കി ഇറങ്ങിയോടി. പുറത്തു സ്കൂട്ടറുമായി കാത്തുനിന്ന സഹോദരൻ മാത്യുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിച്ചു.
സ്കൂട്ടർ മുന്നോട്ടെടുക്കുന്നതിനിടയിൽ മറ്റൊരു വാഹനത്തിലിടിച്ചു തർക്കമായി.ഇതിനിടെ ബിന്ദുവിന്റെ നിലവിളിയും ഒച്ചപ്പാടും കേട്ട് ഓടിവന്ന നാട്ടുകാർ തോമസിനെ പിടിച്ചുവച്ചു പൊലീസിനു കൈമാറി.
മാത്യു ഓടി രക്ഷപ്പെട്ടു. പുത്തൻകുരിശിൽ നിന്നു മോഷ്ടിച്ച സ്കൂട്ടറിലായിരുന്നു ഇടപ്പള്ളിയിൽ ഇവർ കവർച്ചയ്ക്കെത്തിയത്.ജോലി അന്വേഷിച്ച് എറണാകുളത്ത് എത്തി ഇടപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.
പൊലീസ് പിടികൂടി ചോദ്യംചെയ്ത ശേഷമാണ് തങ്ങൾ മോഷ്ടിച്ച സ്വർണം യഥാർഥ സ്വർണം ആയിരുന്നില്ല എന്ന് പ്രതികൾ മനസ്സിലാക്കിയത്. 8,000 രൂപ വിലവരുന്ന ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ മാലകളാണ് പ്രതികൾ കൈക്കലാക്കിയത്.
താൻ കൂടെയുണ്ടായിരുന്നില്ലെന്നു മാത്യു ഉറപ്പിച്ചു പറഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങൾ അയാളുടെ പങ്ക് വെളിപ്പെടുത്തി.
ഇയാൾ സ്ഥലത്തു നിന്നു മതിൽ ചാടി ഓടിപ്പോകുന്നതും ഹെൽമറ്റ് ഉപേക്ഷിച്ചു നടന്നുപോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു. ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്ഐ സനീഷ്.
സിവിൽ പൊലീസ് ഓഫിസർമാരായ വിനു, അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

