കൊച്ചി ∙ മൂന്നാം വർഷവും പൂർത്തിയാക്കാതെ ചിലവന്നൂർ ബണ്ട് പാലം. 3,800 കോടി രൂപയുടെ കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി പുനർനിർമിക്കുന്ന ബണ്ട് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തിയപ്പോഴേക്കും ഏതാണ്ടു നിലച്ച മട്ടാണ്.
നൂറു കണക്കിനു വാഹനങ്ങൾ പോയിരുന്ന ബണ്ട് റോഡിലെ ഗതാഗതം തടസ്സപ്പെട്ടിട്ടും 3 വർഷമായി. ഇരുചക്ര വാഹനങ്ങൾക്കു പോലും ഇതുവഴി കടന്നുപോകാനാവില്ല.
ഇതുമൂലം എസ്എ റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ജൂലൈയിൽ പാലം പണി പൂർത്തിയാക്കേണ്ടതായിരുന്നു. കെഎംആർഎൽ കഴിഞ്ഞ നവംബർ വരെ സമയം നീട്ടിക്കൊടുത്തിട്ടും പാലം പൂർത്തിയാക്കാനായില്ല.
ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു 38 കോടി രൂപയുടെ പാലം പണിയുന്നത്.
പൈലിങ്ങും തൂണുകളും പൂർത്തിയാക്കിയ പാലത്തിന്റെ ഇരുവശത്തെയും 45 മീറ്റർ വീതം നീളമുള്ള അപ്രോച്ചിന്റെ ഒരു ഭാഗം പൂർത്തിയായി. രണ്ടാമത്തെ ഭാഗത്തു നിർമാണം മുടങ്ങിക്കിടക്കുന്നു.
4 പ്രീ സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകളിൽ മൂന്നെണ്ണം പൂർത്തിയായി. ഒന്നിന്റെ നിർമാണം നടക്കുന്നു.
90 മീറ്റർ നീളമുള്ള സെന്റർ സ്പാനിന്റെ ജോലികളാണ് ഇനി പ്രധാനമായും അവശേഷിക്കുന്നത്.
തിരുച്ചിറപ്പിള്ളിയിലെ വർക്ഷോപ്പിൽ പ്രീ ഫാബ്രിക്കേറ്റ് ചെയ്തു കൊണ്ടുവന്നാണു പാലത്തിൽ സ്ഥാപിക്കുന്നത്. സ്റ്റീൽ സ്ട്രക്ചറിനു മുകളിലെ ഭാഗം കോൺക്രീറ്റ് ചെയ്യും.
20 മീറ്റർ വീതിയും 16.5 മീറ്റർ ഉയരവുമുള്ള കമാനാകൃതിയിലുള്ള സ്ട്രക്ചർ ആണിത്. 7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും 3.5 മീറ്റർ വീതിയിൽ വ്യൂവിങ് ഗാലറിയും ഉൾപ്പെടെയാണു പാലത്തിന്റെ സെന്റർ സ്പാൻ.
സ്ട്രക്ചർ ഉറപ്പിക്കാനും കോൺക്രീറ്റിങ്ങിനുമായി ഒന്നര മാസമെങ്കിലും വേണ്ടിവരും. പുതിയ പാലം പണിത ശേഷമേ പഴയ പാലം പൊളിച്ചുമാറ്റൂ.
പാലത്തിന്റെ സെന്റർ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ താൽക്കാലിക പ്ലാറ്റ്ഫോമിനു ശക്തമായ മഴയെത്തുടർന്നു ബലക്ഷയം ഉണ്ടായതാണു പാലം നിർമാണം മന്ദഗതിയിലാവാൻ കാരണമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചു.
ഇതുമൂലം രണ്ടുവശത്തും അധിക പൈൽ അടിച്ചു തൂൺ നിർമിച്ചു.
മെയിൻ സ്പാൻ വച്ചു കഴിയുമ്പോൾ ഇതു പൊളിച്ചുമാറ്റും. തിരുച്ചിറപ്പള്ളിയിൽ ഇരുമ്പ് ഗർഡർ പണിയുന്ന വർക്ഷോപ്പിന്റെ മേൽക്കൂര ചുഴലിക്കാറ്റിൽ തകർന്നതും പ്രശ്നമായെന്നു കമ്പനി അറിയിച്ചു.
നിലവിലുള്ള പാലത്തിന്റെ സെന്റർ സ്പാൻ 30 മീറ്ററാണ്.
പാലം പൂർത്തിയാവുമ്പോൾ ഇതിന്റെ അടിയിലൂടെ ബോട്ടുകൾക്ക് കടന്നുപോകാൻ പറ്റും. എളംകുളം കായൽ കേന്ദ്രീകരിച്ച് മെട്രോ സർവീസ് ഉൾപ്പെടെ ജലഗതാഗതം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണു പാലം പൊളിച്ചു പണിയുന്നത്.
ടൂറിസ്റ്റ് ബോട്ടുകൾക്കുള്ള ടെർമിനൽ ഉൾപ്പെടെ എളംകുളം മെട്രോ സ്റ്റേഷന് അനുബന്ധമായി നിർമിക്കാൻ പദ്ധതിയുണ്ട്. കായലിന്റെ ആഴം കൂട്ടുന്ന ജോലികൾ നടന്നുവരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

