ഫോർട്ട്കൊച്ചി ∙ കൊച്ചിയുടെ ജീവനായ ചീനവലകൾ പലതും അപകടാവസ്ഥയിൽ. അവ നവീകരിച്ച് സംരക്ഷിക്കാനുള്ള ഒന്നര കോടിയുടെ പദ്ധതി 10 വർഷം കഴിഞ്ഞിട്ടും നടപ്പാക്കാനാവാത്ത സ്ഥിതിയിലും.
2014ലാണ് പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി നിർവഹണ ഏജൻസിയായ കിറ്റ്കോയ്ക്ക് 2 ഗഡുവായി ടൂറിസം വകുപ്പ് 1.2 കോടി രൂപ നൽകിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.
പദ്ധതിക്കായി കൊണ്ടുവന്ന 10 ലക്ഷം രൂപയുടെ തമ്പകം തടി വാസ്കോഡ ഗാമ സ്ക്വയറിൽ കിടക്കാൻ തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞു. അവയിൽ പലതും ചിതലെടുത്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ള 23 ചീന വലകളാണ് ഫോർട്ട്കൊച്ചിയിൽ ഉണ്ടായിരുന്നത്.
പിന്നീട് അത് 11 ആയി കുറഞ്ഞു. ഇതിൽ പലതും കാലപ്പഴക്കത്താൽ തകർന്നു വീണതോടെ പ്രവർത്തന സജ്ജമായ വലകൾ ഏതാനും എണ്ണം മാത്രം.
പദ്ധതിക്ക് ആവശ്യമായ നീളത്തിലുള്ള തേക്കിൻതടി കിട്ടാതെ വന്നതാണ് പദ്ധതി വൈകാൻ പ്രധാന കാരണമായത്. കെ.ജെ.മാക്സി എംഎൽഎ ഇടപെട്ട് അതിന് പരിഹാരം ഉണ്ടാക്കിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ ഉടക്കി പദ്ധതി നടത്തിപ്പ് വീണ്ടും നീണ്ടു.
ഇന്നലെ തട്ട് തകർന്നു വീണ ചീനവല അടക്കം പലതിന്റെയും അവസ്ഥ പരിതാപകരമാണ്.
വളരെ സൂക്ഷിച്ചു വേണം ഇതിലൂടെ നടക്കാൻ. ജീർണിച്ച പലകകളും കുറ്റികളും എപ്പോഴാണ് ഒടിഞ്ഞു താഴേക്ക് പതിക്കുന്നതെന്ന് അറിയില്ല.
വർഷാവർഷം നവീകരണ ജോലികൾ നടത്താൻ വലയുടെ ഉടമകൾക്ക് കഴിയുന്നില്ല. പലപ്പോഴും വല വലിക്കുന്ന തൊഴിലാളികളുടെ ചായക്കാശിനു പോലുമുള്ള മത്സ്യം ലഭിക്കാറില്ല.
മറ്റ് ജോലികൾ അറിയാത്തത് കൊണ്ടു മാത്രം ഈ തൊഴിലിൽ തുടരുന്നവരാണ് പലരും. ചീനവലകളിലെ പഴയ തടികൾക്ക് പകരം പുതിയ തേക്കിൻ തടികൾ ഉപയോഗിച്ച് നവീകരിച്ച് വലകളുടെ തട്ടിൽ റസ്റ്ററന്റ് ഉൾപ്പെടെ സ്ഥാപിച്ച് വിനോദ സഞ്ചാരികള ആകർഷിക്കുന്ന വിധത്തിൽ സജ്ജമാക്കാനായിരുന്നു പദ്ധതി.
ചീനവലയുടെ തട്ട് തകർന്ന് വിദേശികൾ കായലിൽ വീണു
ഫോർട്ട്കൊച്ചി ∙ ചീനവല കാണാൻ എത്തിയ വനിതകൾ അടക്കമുള്ള വിദേശ വിനോദ സഞ്ചാരികൾ ചീനവലയുടെ തട്ട് തകർന്ന് കായലിൽ വീണു.
വനിതകൾ അടക്കം 5 പേരാണ് അപകടത്തിൽ പെട്ടത്. ഇവരുടെ മൊബൈൽ ഫോൺ, പഴ്സ്, ബാഗ് എന്നിവ നഷ്ടപ്പെട്ടു.
പാലം വല എന്നറിയപ്പെടുന്ന ചീനവലയുടെ തട്ടാണ് തകർന്നത്. ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്.
20 പേരുള്ള സംഘത്തിലെ ഏതാനും പേരാണ് ചീനവലയിലേക്ക് കയറിയത്.
മധ്യഭാഗത്ത് എത്തിയപ്പോൾ തട്ട് തകർന്ന് ഇവർ താഴേക്കു വീഴുന്നത് കണ്ട് ചീനവല തൊഴിലാളികളും നടപ്പാതയിലുണ്ടായിരുന്ന കച്ചവടക്കാരും ഓടിയെത്തി ഇവരെ കരയ്ക്കു കയറ്റി. ഫോർട്ട്കൊച്ചി പൊലീസും സ്ഥലത്ത് എത്തി.
അഴിമുഖത്തിന് സമീപം ആഴവും കുത്തൊഴുക്കുമുള്ള സ്ഥലത്താണ് വല സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് രക്ഷാ പ്രവർത്തനം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ചീനവല കാണാനായി എത്തുന്ന വിനോദ സഞ്ചാരികളെ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി ചീനവലകളിലേക്ക് കയറ്റാറുണ്ട്.
ചിലർ ചീനവല വലിക്കുന്നതിനുള്ള സൗകര്യവും ചെയ്തു കൊടുക്കാറുണ്ട്. ഫോർട്ട്കൊച്ചി സ്വദേശിയുടേതാണ് ചീനവല.
ഉടമയ്ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 2 പേരാണ് വെള്ളത്തിൽ വീണതെന്ന് പൊലീസ് പറഞ്ഞു.
ചീനവലകളിലേക്ക് വിനോദ സഞ്ചാരികളെ വിളിച്ചു കയറ്റുന്നത് നിയമ വിരുദ്ധമാണെന്നും ഇത്തരം നടപടി ആവർത്തിക്കരുതെന്നും പൊലീസ് ചീനവല ഉടമകൾക്കും തൊഴിലാളികൾക്കും നിർദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

