കൊച്ചി∙ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണവേട്ടയുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികൾ നിയമവിരുദ്ധവും അധികാരപരിധി മറികടന്നുമാണെന്നു കസ്റ്റംസ് ഹൈക്കോടതിയിൽ ആരോപിച്ചു. കസ്റ്റംസ് മേഖലയായി വിജ്ഞാപനം ചെയ്യപ്പെട്ട
വിമാനത്താവള പരിസരത്ത് സ്വർണം പിടിച്ചെടുക്കാനുള്ള അധികാരം പൊലീസിനില്ല. കരിപ്പൂരിൽ പൊലീസ് സമീപകാലത്തു നടത്തിയ 170 സ്വർണവേട്ടകളിൽ 6 എണ്ണം മാത്രമാണു പൊലീസ് കസ്റ്റംസിനു കൈമാറിയത്.134 കേസുകളുടെ വിവരം മഞ്ചേരി മജിസ്ട്രേട്ട് കോടതി വഴിയാണ് അറിഞ്ഞത്.
102 കേസുകളിൽ തൊണ്ടി കൈവശം നേടിയതു കോടതിയിൽ അപേക്ഷ നൽകിയാണെന്നും കോഴിക്കോട് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ എസ്.
ശ്യാംനാഥ് അറിയിച്ചു. പൊലീസ് പിടിച്ചെടുത്ത 169 ഗ്രാം സ്വർണം വിട്ടുകിട്ടണമെന്ന ആവശ്യം മഞ്ചേരി കോടതി തള്ളിയതിനെതിരേ വടകര സ്വദേശി പി.എം. മുഹമ്മദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.
ജസ്റ്റിസ് സി.എസ്. ഡയസ് കേസ് 24ന് പരിഗണിക്കാൻ മാറ്റി. നടപടിക്രമങ്ങളിലെ അപാകത മൂലം വിചാരണ ഫലപ്രദമാകാത്തതു പൊതുഖജനാവിനു വൻ നഷ്ടമുണ്ടാക്കുന്നതായി കസ്റ്റംസ് ആരോപിച്ചു.
കസ്റ്റംസ് മേഖലയിൽ അനുമതിയോ വാറന്റോ സാക്ഷിയോ ഇല്ലാതെ പൊലീസ് നടത്തുന്ന പരിശോധന കസ്റ്റംസ് നിയമത്തിന്റെ ലംഘനവും യാത്രക്കാരുടെ അവകാശങ്ങളുടെ ലംഘനവുമാണ്.
പിടികൂടുന്നവരെ കസ്റ്റംസ് ഉദ്യോഗസ്ഥനു മുന്നിലോ മജിസ്ട്രേട്ടിനു മുന്നിലോ ഹാജരാക്കണമെന്ന നിയമം പൊലീസ് പാലിക്കാറില്ല.അന്വേഷണം 6 മാസത്തിലധികം നീണ്ടാൽ തൊണ്ടി ഉടമയ്ക്ക് കൈമാറേണ്ടി വരും. പ്രതികൾ ശരീരത്തിനുള്ളിൽ ഒളിപ്പിക്കുന്ന സ്വർണം പുറത്തെടുക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടിയും നിയമ വിരുദ്ധവുമാണ്.
എക്സ്റേ എടുക്കാൻ മജിസ്ട്രേട്ടിന്റെ അനുമതി തേടുകയും എക്സ്റേ മജിസ്ട്രേട്ടിനെ കാണിച്ച് സ്വർണം പുറത്തെടുക്കാൻ ഡോക്ടർക്കുള്ള നിർദേശം വാങ്ങുകയും വേണം.
ഇതൊന്നും ചെയ്യാറില്ല. തൊണ്ടിമുതൽ രൂപമാറ്റം വരുത്തി ഹാജരാക്കുന്നതും കേസ് ദുർബലമാക്കും. ഹർജിക്കാരന്റെ കേസിൽ പൊലീസോ കോടതിയോ വഴി രേഖകൾ കിട്ടാത്തതിനാൽ തൊണ്ടി വിട്ടു കിട്ടാൻ അപേക്ഷ നൽകിയിട്ടില്ല. ആഭരണങ്ങൾ വിദേശത്തുനിന്ന് കടത്തിയതാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമായതിനാൽ തുടർ നടപടിയിലേക്കു കടക്കുമെന്നും ഹർജി തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

