കൊച്ചി ∙ അശാസ്ത്രീയ ഗതാഗത സംവിധാനവും ഇടുങ്ങിയ റോഡും കാരണം വീർപ്പുമുട്ടുന്ന വൈറ്റില ജംക്ഷനിൽ ബസുകൾ നടുറോഡിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗതതടസ്സം രൂക്ഷമാക്കുന്നു. വൈറ്റില മേൽപാലത്തിനു താഴെ അരൂർ ഭാഗത്തു നിന്നു കടവന്ത്ര ഭാഗത്തേക്കും ദേശീയപാത വഴി ഇടപ്പള്ളി ഭാഗത്തേക്കും പോകുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകൾ ആളുകളെ കയറ്റാനും ഇറക്കാനുമായി ബസ് സ്റ്റോപ്പിൽ ഒതുക്കി നിർത്താതെ റോഡിൽ നിർത്തുന്നതോടെ മറ്റു വാഹനങ്ങൾക്കും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഇവിടെ പേരിന് ഒരു ബസ് സ്റ്റോപ് ഉണ്ടെങ്കിലും ബസുകളുടെ തിരക്കു കാരണം നിർത്തുന്നത് പലയിടത്തായാണ്.
ആളെ കയറ്റാനായി ബസുകൾ മിനിറ്റുകളോളം റോഡിൽ കാത്തുകിടക്കുന്നതും പതിവാണ്. ഇതുകാരണം മറ്റു ബസുകൾ റോഡിൽ തന്നെ നിർത്തി ആളെ കയറ്റും.
നിർത്തിയിട്ടിരിക്കുന്ന ബസുകളെ മറികടന്നു പായാൻ ബസുകൾ തിരക്കു കൂട്ടുന്നതോടെ പിന്നാലെ വരുന്ന മറ്റു വാഹനങ്ങളും കുരുക്കിൽ പെടുകയാണ്. രാവിലെയും വൈകിട്ടുമാണ് ഇവിടെ ഗതാഗതതടസ്സം രൂക്ഷം.
തിരക്കേറിയ ഈ ഭാഗത്ത് ഫുട്പാത്ത് ഇല്ലാത്തതിനാൽ ഇതുവഴിയുള്ള കാൽനടയാത്രയും ദുഷ്കരമാണ്.
സ്റ്റോപ്പിൽ ബസ് നിർത്തി ആളെ കയറ്റി പോകാൻ കഴിയുന്ന വിധത്തിൽ ബാരിക്കേഡ് വച്ചു തിരിച്ചാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം. എന്നാൽ ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്താനോ തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് വാർഡനെ ജോലിക്കു നിയമിക്കാനോ അധികൃതർ തയാറാകുന്നില്ല.
എസ്എ റോഡിൽ നിന്നു പാലാരിവട്ടം ഭാഗത്തേക്കു തിരിയുന്ന സ്ഥലത്തും ഇതേ പ്രശ്നമുണ്ട്.
ഇവിടെ ബസ് സ്റ്റോപ് ഇല്ലെങ്കിലും തൃപ്പുണിത്തുറ ഭാഗത്തേക്കു സിഗ്നൽ കാത്തു കിടക്കുന്ന വലിയ വാഹനങ്ങളാണ് വില്ലൻമാർ. ബസുകളും മറ്റു വാഹനങ്ങളും റോഡിന്റെ ഇടതുവശത്തേക്കു കയറ്റി നിർത്തുന്നതോടെ പാലാരിവട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു പോകാൻ കഴിയില്ല.
ഈ ഭാഗത്ത് റോഡിനു വീതി ഇല്ലാത്തതും എസ്എ റോഡിലെ കുരുക്ക് മുറുക്കുന്നു. ജംക്ഷനോടു ചേർന്നുള്ള ഭാഗങ്ങളിൽ ഫുട്പാത്ത് ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർ റോഡിലേക്കു കയറി നടക്കേണ്ട
അവസ്ഥയുമുണ്ട്.
രാത്രി സമയത്തും രാവിലെയും ദീർഘദൂര ബസുകൾ ആളുകളെ കയറ്റാനും ഇറക്കാനുമായി പരസ്പരം മത്സരിച്ചു നിർത്തിയിടുന്നതും വൈറ്റില ഭാഗത്തെ ഗതാഗത കുരുക്കിനു കാരണമാണ്. പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു സമീപവും വൈറ്റില ഹബ്ബിലേക്കു തിരിയുന്ന ഭാഗത്തുമാണ് സംസ്ഥാനാന്തര ബസുകളുടെ അനധികൃത പാർക്കിങ് കാരണം ഗതാഗതം തടസ്സപ്പെടുന്നത്.
വൈറ്റില ജംക്ഷനിൽ ബസുകൾ തോന്നുംപടി റോഡിൽ നിർത്തി ആളെ ഇറക്കുന്നതും കയറ്റുന്നതും നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

