കൊച്ചി∙ ഗ്രീൻ ടീയെപ്പറ്റി കേട്ടിട്ടുണ്ട്, ഉപഭോഗം വർഷം 50% വീതം വർധിക്കുകയുമാണ്, പക്ഷേ വൈറ്റ് ടീ കേട്ടിട്ടുണ്ടോ? കിലോ 15000 രൂപയുടെ തേയില? രാജ്യാന്തര തേയില കൺവൻഷന്റെ ഭാഗമായി നടക്കുന്ന പ്രദർശനത്തിൽ സ്പെഷൽ മൂല്യവർധിത തേയിലകളുടെ നീണ്ട നിര തന്നെയുണ്ട്.
പ്രത്യേക രീതിയിൽ ഓരോ കൊളുന്തായി തിരഞ്ഞെടുത്ത് സംസ്കരിച്ച് ഉണ്ടാക്കുന്ന വൈറ്റ് ടീ തിളച്ച വെള്ളത്തിൽ ഇട്ടാൽ നിറം മാറ്റം ഉണ്ടാവില്ല. അതാണ് വൈറ്റ് ടീ എന്നു വിളിക്കുന്നത്.
100 ഗ്രാമിന്റെ പാക്കറ്റ് ഹാരിസൺസ് പ്രദർശിപ്പിച്ചിരിക്കുന്നതിന് വില 1517 രൂപ.
ബോച്ചെ ഭൂമിപുത്ര തോട്ടത്തിലെ ഉൽപന്നങ്ങളുമായിട്ടാണ് ബോബി ചെമ്മണൂർ വന്നിരിക്കുന്നത്. വയനാട്ടിലെ 1000 ഏക്കർ തോട്ടത്തിൽ തേയില മാത്രമല്ല കാപ്പിയും ഏലവുമെല്ലാമുണ്ട്.
കയറ്റുമതി തൽക്കാലം യുഎഇയിലേക്കു മാത്രം. പ്രതിസന്ധിക്കാലത്ത് തോട്ടം നിലനിർത്താൻ ടൂറിസവും ടോഡി ഷോപ്പും റസ്റ്ററന്റും മറ്റും വേണമെന്ന് ബോച്ചെ പറഞ്ഞു.
തോട്ടങ്ങൾ ഇനി മൂന്നാറിലേക്കും ഊട്ടിയിലേക്കും വ്യാപിപ്പിക്കുകയാണ്.
തേയില മാത്രമല്ല പ്രോബയോട്ടിക് പാനീയങ്ങളുമുണ്ട്. ടാറ്റാടീ ഏറ്റെടുത്ത ബ്രിട്ടിഷ് ടെറ്റ്ലി ബ്രാൻഡിലാണ് കൊംബൂച്ച ടീ ബാഗുകളുള്ളത്.
ജിഞ്ചർ, ലെമൺ, പീച്ച് തുടങ്ങിയ പാനീയങ്ങളും ഗ്രീൻ ടീകളുമുണ്ട്. ലമണും തേനും അടങ്ങിയ പാനീയത്തിൽ എൽ കാർനിറ്റിൻ എന്ന ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന വസ്തു ഉള്ളതിനാലാണ് തടി കുറയ്ക്കാൻ പലരും ഉപയോഗിക്കുന്നത്.
ഓർഗാനിക് ഇന്ത്യ കമ്പനിയുടെ ജൈവ തേയില ഉൽപന്നങ്ങളുണ്ട്–സ്വാഭാവികമായും വില കൂടുതലാണ്. പ്രദർശനത്തിൽ കേരളവും പഞ്ചാബും യുപിയും ബംഗാളും അസമും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തേയിലകളുണ്ട്.
അതിലും പ്രധാനം കൊളുന്ത് നുള്ളുന്നതു മുതൽ പാക്കിങ് വരെ വേണ്ട തരം യന്ത്രങ്ങളാണ്.
തേയില ഫാക്ടറികൾക്കു വേണ്ട സംസ്കരണ യന്ത്രങ്ങൾക്ക് 1.75 കോടി മുതൽ വിലയുണ്ട്.
തേയില: വില കിട്ടാൻ വേണം മൂല്യവർധന
കൊച്ചി∙ തേയില ഉൽപാദിപ്പിച്ചാൽ പോരാ, മികച്ച ഗുണനിലവാരം ഉറപ്പു വരുത്തിയാൽ മാത്രമേ രാജ്യാന്തര വിപണിയിൽ ആവശ്യക്കാരും മികച്ച വിലയും ലഭിക്കൂ എന്ന് ഉപാസി രാജ്യാന്തര തേയില കൺവൻഷനിൽ പങ്കെടുത്ത വിദഗ്ധർ.
ആവശ്യത്തേക്കാൾ കൂടുതൽ തേയില ഉൽപാദിപ്പിക്കുന്നതിനാൽ ഇതൊരു ബയേഴ്സ് വിപണിയാണ്. ഇന്ത്യൻ തേയില ഉൽപാദകരും അതോർക്കണം.
ലോകത്താകെ തേയിലയുണ്ട്, എന്നിട്ടും തേയില രംഗത്ത് പ്രതിസന്ധിയാണ്. അമേരിക്കയുടെ താരിഫ് ശരാശരി തന്നെ 17.5% എത്തി.
തേയില കയറ്റുമതിയെ ഇതും ബാധിച്ചിട്ടുണ്ടെന്ന് ആഗോള വിപണികളെക്കുറിച്ചുള്ള സെമിനാറിൽ മോഡറേറ്ററായിരുന്ന ഡാനിയേൽ ബോൾട്ടൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ തേയിലയുടെ ഇരട്ടിയിലേറെ വിലയാണ് കെനിയയും ശ്രീലങ്കയും പോലുള്ള രാജ്യങ്ങൾക്കു ലഭിക്കുന്നതെന്ന് ഇന്റർനാഷനൽ ടീ കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ജിയംസ് സാരങ് പെരേര പറഞ്ഞു.
മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുക മാത്രമാണു വില കൂടുതൽ കിട്ടാനുള്ള വഴി. ഉൽപാദിപ്പിക്കുന്ന തേയിലയും ലേലത്തിന് എത്തുന്ന തേയിലയും കയറ്റുമതി ചെയ്ത് രാജ്യാന്തര വിപണിയിൽ എത്തുന്ന തേയിലയും തമ്മിൽ വ്യത്യാസമുണ്ടെന്ന് കെനിയയിലെ ഈസ്റ്റ് ആഫ്രിക്കൻ ടീ ട്രേഡ് അസോസിയേഷൻ എംഡി ജോർജ് ഒമുഗ ചൂണ്ടിക്കാട്ടി.
ഓരോ ഘട്ടത്തിലും മൂല്യവർധനയും ഗുണനിലവാര നിഷ്കർഷയും വേണം.
രുചിയുടെ ‘ചായക്കഥ’
കൊച്ചി∙ അറുപതോളം കപ്പുകളിലായി നിരത്തി വച്ചിരിക്കുന്ന തേയില വെള്ളം. ഓരോന്നിൽ നിന്നും ഓരോ സ്പൂൺ ചായയെടുത്ത് രുചിച്ചു നോക്കി കോളാമ്പിയിൽ തുപ്പുന്ന വിദഗ്ധ ടീ ടേസ്റ്റർമാർ.
രാജ്യാന്തര ടീ കൺവൻഷനിൽ ഇന്നലെ നടന്ന സ്പെഷൽ ടീകളുടെ മത്സരത്തിൽ നിന്നുള്ള കാഴ്ച. ഗ്രീൻ ടീയും വൈറ്റ് ടീയും മറ്റും ഉൾപ്പെടുന്നതാണ് സ്പെഷൽ ടീകൾ.
മറ്റു രാജ്യങ്ങൾ ഇവയുണ്ടാക്കി വൻ വില നേടുന്നതു കണ്ട് ഇന്ത്യൻ തേയിലക്കമ്പനികളും അതിലേക്കു കാൽവയ്ക്കുകയാണ്. ഇനിയുള്ള കാലത്ത് പിടിച്ചു നിൽക്കാൻ അതു വേണം.
ടീ ടേസ്റ്റിങ് സാങ്കേതികതയെക്കാൾ കലയാണെന്ന് അസമിൽ നിന്നുള്ള പ്രഫഷനൽ ടീ ടേസ്റ്റർ ഡോണ ഐഡ്യു ചൂണ്ടിക്കാട്ടി. നാവിലെ രുചിമുകുളങ്ങൾ ശുദ്ധമായിരിക്കണം.
ഏതു നാട്ടിലെ മണ്ണിൽ നിന്നു വന്നെന്നതു പോലും തിരിച്ചറിയാൻ കഴിയുമെന്ന് ഡോണ പറയുന്നു. ടീ ടേസ്റ്റർമാർക്ക് പുകവലിക്കാനാവില്ല, രുചി നശിക്കും.
തേയില രുചിക്കുന്ന ദിവസം ഭക്ഷണ നിയന്ത്രണം വേണം. എരിവുള്ളതു കഴിച്ചു ടീ ടേസ്റ്റിങ് നടക്കില്ല.
താൽപര്യമുള്ളവർക്കു പരീക്ഷിക്കാം. കണ്ണുകെട്ടി എല്ലാ തേയില വെള്ളവും ഓരോ സ്പൂൺ കുടിച്ചു നോക്കിയാൽ രുചി വ്യത്യാസം പതിയെ മനസ്സിലായി തുടങ്ങുമെന്ന് വിദഗ്ധർ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ തേയില കമ്പനികളിൽ നിന്ന് 165 സാംപിളുകളാണ് മത്സരത്തിന് എത്തിയത്. 2 റൗണ്ട് മത്സരം കഴിഞ്ഞ ശേഷമുള്ള അവസാന റൗണ്ടാണിതെന്ന് ഉപാസിയുടെ ടീ ടെക്നോളജിസ്റ്റ് ഡോ.
ഭൂപതിരാജ് അറിയിച്ചു. മത്സര ഫലം ഇന്നറിയാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]