
മൂവാറ്റുപുഴ∙ നഗരത്തിന്റെ മുഖഛായ മാറ്റുന്ന മൂന്നാം പാലം ചിൽഡ്രൻസ് പാർക്കിനും ടൗൺഹാളിനും ഭീഷണിയാകും. എന്നാൽ നിലവിലെ രൂപത്തിൽ അല്ലെങ്കിലും ടൗൺഹാൾ നിലനിർത്തിക്കൊണ്ടു തന്നെ പാലം യാഥാർഥ്യമാക്കാനാണു ശ്രമം എന്നും ഭൂമി ഏറ്റെടുക്കൽ കീറാമുട്ടി ആകില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
ചിൽഡ്രൻസ് പാർക്കും ടൗൺഹാളിന്റെ മുൻഭാഗവും വിട്ടു നൽകാൻ തയാറാണെന്ന് നഗരസഭ അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. കച്ചേരിത്താഴത്ത് നിലവിലുള്ള 2 പാലത്തിനു സമാന്തരമായി ചിൽഡ്രൻസ് പാർക്കിന്റെയും ടൗൺ ഹാളിന്റെയും വശത്തു കൂടിയാണ് മൂന്നാമത്തെ പാലം നിർമിക്കുന്നത്. മാറാടി വില്ലേജിലെ 28.75 സെന്റ് സ്ഥലമാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും.
കച്ചേരിത്താഴത്തു നിന്ന് ആരംഭിച്ച് നെഹ്റു പാർക്കിൽ റോഡിനോടു ചേരുന്ന വിധത്തിലാണ് പാലം നിർമിക്കുക. ടൗൺഹാളിനു കൂടുതൽ ഭീഷണിയാകാതെ പാലത്തിന്റെ രൂപരേഖ തയാറാക്കാനാണു ശ്രമിക്കുന്നത്.
ചിൽഡ്രൻസ് പാർക്കിനും ടൗൺഹാളിനും പിന്നിലൂടെ വെള്ളൂർകുന്നം ക്ഷേത്രത്തിനു മുൻവശത്തു കൂടി പാലം നിർമിക്കാൻ ആദ്യം ആലോചിച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ ഉയർന്നതോടെയാണ് പാർക്കിന്റെയും ടൗൺ ഹാളിന്റെയും ഉള്ളിലൂടെ തന്നെ പാലം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കച്ചേരിത്താഴത്ത് രാജേശ്വര ഹോട്ടലിന്റെ മുൻഭാഗം വരെ ഭൂമിയേറ്റെടുത്ത് റോഡ് വികസനം നടക്കുകയാണ്. ഇവിടെ നിന്നു പുഴ വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ നിലവിലുള്ള ചില ഷോപ്പിങ് കോംപ്ലക്സുകളുടെ മുൻഭാഗം പൊളിച്ചു മാറ്റേണ്ടി വന്നേക്കും. കെട്ടിടങ്ങൾ പൂർണമായി പൊളിച്ചു നീക്കേണ്ടി വരില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
2 വരി യാത്ര സൗകര്യം ഉറപ്പാക്കുന്ന പാലമാണ് നിർമിക്കുന്നത്. ഭൂമിയേറ്റെടുക്കൽ പൂർത്തിയായാൽ ടൗൺ റോഡ് വികസനം പൂർത്തിയാക്കുന്നതിനു പിന്നാലെ തന്നെ പാലത്തിന്റെ മറ്റു ജോലികളിലേക്കു കടക്കാൻ സാധിക്കുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]