സുപ്രീം കോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, നഗരത്തിലെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, വിധി വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം.
നിലവിൽ തെരുവുനായ്ക്കളെ പിടികൂടുന്ന പ്രവർത്തനങ്ങളിൽ നേരിടുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി, കരാറടിസ്ഥാനത്തിൽ കൂടുതൽ ലൈസൻസുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അടുത്ത കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനജീവിതത്തെ സാരമായി ബാധിക്കുന്ന തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം ലക്ഷ്യമിട്ട്, ബ്രഹ്മപുരത്ത് ഒരേക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഷെൽറ്റർ നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുൽ അറിയിച്ചു.
“ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമാണ് തെരുവുനായ പ്രശ്നം. ബ്രഹ്മപുരത്ത് ഒരേക്കറിലെ ഷെൽറ്റർ പദ്ധതി വേഗത്തിലാക്കും.
ഇതിനായി ഫണ്ട് ലഭ്യമാക്കും. നായ്ക്കളെ ദത്തെടുക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും.
ഭക്ഷണം പരിചരണം തുടങ്ങിയ കാര്യങ്ങൾക്കായി വലിയ തുകയാണു ചെലവു പ്രതീക്ഷിക്കുന്നത്.” എന്നും അവർ വ്യക്തമാക്കി. ദേശീയ മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി സൗഹൃദമായാണ് ഷെൽറ്ററിന്റെ രൂപകല്പന പൂർത്തിയാക്കുക.
പദ്ധതിയുടെ ഭാഗമായി മികച്ച ഡിസൈൻ തിരഞ്ഞെടുക്കുന്നതിനായി ഒരു മത്സരം സംഘടിപ്പിക്കുമെന്നും, വിജയിക്കുന്ന ഡിസൈനിന് 50,000 രൂപ സമ്മാനത്തുക നൽകുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. കോർപറേഷൻ ബ്രഹ്മപുരത്ത് ഏറ്റെടുത്ത നാല് ഏക്കർ ഭൂമിയിൽ, ആദ്യഘട്ടമായി ഒരേക്കർ സ്ഥലത്താണ് എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങുക.
ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി വാർഷിക പദ്ധതി വിഹിതത്തിൽ കൂടുതൽ തുക വകയിരുത്തും. വരുംഘട്ടങ്ങളിൽ പദ്ധതി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
ഇതിനു പുറമെ, കോർപറേഷൻ പരിധിക്ക് പുറത്തായി ബ്ലോക്ക് തലത്തിൽ ഷെൽറ്ററുകൾ സജ്ജീകരിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

