
കൊച്ചി ∙ എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പായി ഈ വാർത്തയെ കരുതാം. മെട്രോ പാതയ്ക്കു താഴെയുള്ള റോഡുകളിലെ കയറ്റിറക്കങ്ങൾ വാഹനയാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നു.
എംജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് (എസ്എ റോഡ്), ബാനർജി റോഡ് എന്നിവിടങ്ങളിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ ഈ കയറ്റിറക്കങ്ങൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടാകും.
റോഡിൽ മെട്രോ പില്ലറുകൾ നിൽക്കുന്ന ഭാഗം ഉയർന്നും മറ്റുഭാഗങ്ങൾ താഴ്ന്നുമിരിക്കുന്ന സ്ഥിതിയാണു മൂന്നു റോഡുകളിലും. കൊച്ചി നഗരത്തിലേത് അയഞ്ഞ മണ്ണാണ്.
തുടർച്ചയായി ഭാരവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അത് അൽപം താഴേക്ക് ഇരിക്കും. മെട്രോ പില്ലറുകൾ ആഴത്തിൽ പൈൽ ചെയ്ത് ഉറപ്പിച്ചതിനാൽ ആ ഭാഗം താഴേക്ക് ഇരിക്കില്ല.
അതാണു റോഡിലെ കയറ്റിറക്കത്തിനു കാരണം.
എസ്എ റോഡിൽ എളംകുളം ഭാഗത്തു മുൻപു സമാനമായ പ്രശ്നമുണ്ടായിരുന്നു. എളംകുളം വളവിൽ അപകടങ്ങൾ പതിവായതോടെ ഈ ഭാഗത്തെ റോഡിൽ ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ ചെത്തിയെടുത്ത് ഉയരം കുറച്ചാണു പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്.
സമാനമായ രീതിയിൽ റോഡിന്റെ മറ്റിടങ്ങളിലും ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ ചെത്തിയെടുക്കേണ്ട സ്ഥിതിയാണ്.
പക്ഷേ, ആരാണ് ഈ ജോലി ചെയ്യേണ്ടത്? എസ്എ റോഡ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്.
എംജി റോഡും ബാനർജി റോഡും മരാമത്തു വകുപ്പിന്റേതുമാണ്. റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതു കോർപറേഷനും മരാമത്തു വകുപ്പുമാണ്.
പക്ഷേ, മെട്രോ പില്ലറിന്റെ ഭാഗത്തെ ടാറിങ് ഉൾപ്പെടെയാണു ചെത്തിയെടുക്കേണ്ടത് . അത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റേതാണ്.
എസ്എ റോഡ് ഉൾപ്പെടെയുള്ള ഭാഗത്തെ ഉയർച്ച താഴ്ചകൾ എപ്പോൾ വേണമെങ്കിലും അപകടം ക്ഷണിച്ചു വരുത്തുന്ന നിലയിലാണെന്നു കോർപറേഷൻ സ്ഥിരസമിതി ചെയർപഴ്സൻ മാലിനി കുറുപ്പ് പറഞ്ഞു.
പള്ളിമുക്കിൽ നിന്ന് സൗത്ത് ഓവർബ്രിജ് കയറി വന്നിറങ്ങുമ്പോൾ ഉയർന്നു നിൽക്കുന്ന ഭാഗത്ത് എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും അവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]