
അരൂർ ∙ ദേശീയപാതയോരത്ത് കോടംതുരുത്ത് പഞ്ചായത്തിനു മുന്നിൽ 3 കോടി രൂപ ചെലവഴിച്ച് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തനം നിലച്ച് കെട്ടിടവും സൗകര്യങ്ങളും കാടുകയറി നശിക്കുന്നു. 2017 –ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് ദേശീയപാതയിലെ ആദ്യത്തെ വഴിയോര വിശ്രമ കേന്ദ്രം കുത്തിയതോട്ടിൽ നാടിനു സമർപ്പിച്ചത്.
അരൂർ എംഎൽഎ എ.എം.ആരിഫിന്റെ ആസ്തി വികസന പദ്ധതി പ്രകാരമാണു പദ്ധതി യാഥാർഥ്യമായത്. ദേശീയപാതയിലൂടെ കടന്നു പോകുന്ന ദീർഘദൂര യാത്രികർക്ക് വിശ്രമിക്കാനും മറ്റുമുള്ള വിപുലമായ സൗകര്യങ്ങളാണ് വഴിയോര വിശ്രമ കേന്ദ്രത്തിൽ ഒരുക്കിയത്.
ഭക്ഷണം, ശുചിമുറി, മുലയൂട്ടാനുള്ള സംവിധാനം, കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മനോഹരമായ പൂന്തോട്ടം, വിശാലമായ പുൽത്തകിടി എന്നിങ്ങനെ ആധുനിക സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയത്.
എന്നാൽ വിഭാവനം ചെയ്ത രീതിയിൽ പ്രവർത്തനം മുന്നോട്ടു പോയില്ല.ഭക്ഷണശാല കരാറെടുത്തവർ കേവലം ഹോട്ടൽ റസ്റ്ററന്റ് എന്ന രീതിയിലാണ് പദ്ധതിയെ കണ്ടത്. പൊതുജനങ്ങൾക്കുള്ള ശുചിമുറി സൗകര്യങ്ങൾ താമസിയാതെ നിഷേധിക്കപ്പെട്ടു.
ഏതാനും വർഷം ഭക്ഷണശാല പ്രവർത്തിച്ചെങ്കിലും സാമ്പത്തിക നഷ്ടം മൂലം ഇവർ ഒഴിഞ്ഞുപോയി.
ഉയരപ്പാത നിർമാണം വന്നതോടെ പാർക്കിങ്ങിനുള്ള സൗകര്യങ്ങൾ പോലും ഇല്ലാതായി. ഇതോടെ പുതുതായി കരാറെടുക്കാൻ ആരുമെത്തിയില്ല.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ലക്ഷങ്ങൾ വിലയുള്ള കെട്ടിടവും 28 സെന്റ് ഭൂമിയും കാടുകയറി നശിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിന്റെ നടത്തിപ്പ് നൽകിയിരുന്നെങ്കിൽ പദ്ധതി അസ്തമിക്കുകയില്ലായിരുന്നെന്നു ജനങ്ങൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]