കുമ്പളം ടോൾപ്ലാസയിൽ വാഹനിര അനന്തമായി നീളുന്ന പ്രതിസന്ധിക്ക് ഇതുവരെയും ശാശ്വത പരിഹാരമായിട്ടില്ല. ഫാസ്ടാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടയ്ക്കുന്നതാണ് പലപ്പോഴും യാത്ര വൈകാൻ ഇടയാക്കുന്നത്.
ഇതിനുപുറമേ നെറ്റ്വർക് തകരാറുകളും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിലേറെ നീളുകയാണെങ്കിൽ, ആ ലെയ്നിലെ വാഹനങ്ങൾ ടോൾ ഈടാക്കാതെ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം കർശനമായി പാലിക്കണമെന്നാണ് യാത്രികരുടെ പ്രധാന ആവശ്യം.
ടോൾ ആവശ്യമില്ലാത്ത ഓട്ടോറിക്ഷകൾക്ക് സഞ്ചരിക്കാനായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക പാതയിൽ ഇരുമ്പ് പോസ്റ്റുകൾ സ്ഥാപിച്ച് വീതി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ഇടുങ്ങിയ വഴിയിലൂടെ ഓട്ടോറിക്ഷകൾ കടന്നുപോകുമ്പോൾ വാഹനങ്ങൾ ഇരുമ്പ് പോസ്റ്റിൽ ഉരസി പെയിന്റ് ഇളകിപ്പോകുന്നതായി ഓട്ടോഡ്രൈവർമാർ പരാതിപ്പെടുന്നു.
ടോൾപ്ലാസയുടെ തെക്കുഭാഗത്തായി വഴിയോര കച്ചവടക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇവിടെ റോഡരികിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് അപകടങ്ങൾക്കും കൂട്ടയിടികൾക്കും കാരണമാകുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
ടോൾ പ്ലാസ അരൂരിലേക്ക് മാറ്റണം ഇരുവശങ്ങളിലേക്കുമായി 4 വീതം ഗേറ്റുകളാണ് കുമ്പളം ടോൾ പ്ലാസയിൽ പ്രവർത്തിക്കുന്നത്. വീതിയേറിയ ഹൈവേയിലൂടെയെത്തുന്ന വാഹനങ്ങൾ ടോൾ പ്ലാസയിലെത്തുമ്പോൾ റോഡ് കുപ്പിക്കഴുത്തുപോലെ ചുരുങ്ങുന്ന അവസ്ഥയാണ് ഉള്ളത്.
വർദ്ധിച്ചുവരുന്ന വാഹന സാന്ദ്രത കണക്കിലെടുത്ത് ഗേറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. സ്ഥലപരിമിതിയാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
ഈ പ്രശ്നത്തിന് അടിയന്തര പരിഹാരമെന്ന നിലയിൽ കൂടുതൽ സ്ഥലസൗകര്യമുള്ള അരൂരിലേക്ക് ടോൾ പ്ലാസ മാറ്റണമെന്നാണ് യാത്രികരുടെ ശക്തമായ ആവശ്യം. മുൻപ് അരൂരിലായിരുന്നു ടോൾ പ്ലാസ പ്രവർത്തിച്ചിരുന്നതെന്നും യാത്രക്കാർ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

