
കൊച്ചി ∙ ദേശീയ ശുചിത്വ സർവേയിൽ നേട്ടവുമായി കൊച്ചി കോർപറേഷൻ. ‘സ്വച്ഛ് സർവേക്ഷൻ’ ദേശീയ സർവേയിൽ 3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ 50–ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കൊച്ചിക്ക്.
ചെറു നഗരങ്ങൾ (20,000 മുതൽ ജനസംഖ്യയുള്ളത്) ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ കൂടി പരിഗണിക്കുമ്പോൾ കേരളത്തിൽ 18–ാം സ്ഥാനത്താണു കൊച്ചി. 2023ലെ ശുചിത്വ സർവേയിൽ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ദേശീയ തലത്തിൽ 416–ാം സ്ഥാനത്തായിരുന്നു കൊച്ചി. കഴിഞ്ഞ വർഷത്തെ സർവേയിൽ കേരളത്തിലെ മറ്റു കോർപറേഷനുകളെല്ലാം കൊച്ചിക്കു മുൻപിലായിരുന്നെങ്കിൽ ഇത്തവണ കൊച്ചി അവരെയെല്ലാം മറികടന്നു.
2023ലെ സർവേയിൽ കൊച്ചിയുടെ മാർക്ക്– 1841. ഇത്തവണത്തെ മാർക്ക്– 8181.
ഗാർബേജ് ഫ്രീ സിറ്റി റേറ്റിങ്, വെളിയിട രഹിത വിസർജന മുക്ത (ഒഡിഎഫ്) റേറ്റിങ് എന്നിവയിലെ മികച്ച പ്രകടനത്തോടെയാണു നേട്ടം.
2024ലെ സർവേയിൽ ഇന്ത്യയിലെ 4900 നഗരങ്ങൾ പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്നു 94 നഗരങ്ങളും കണ്ണൂർ കന്റോൺമെന്റും പങ്കെടുത്തു.
ഗാർബേജ് ഫ്രീ സിറ്റി (ജിഎഫ്സി) റേറ്റിങ്ങിൽ വൺ സ്റ്റാർ റേറ്റിങ്ങും ഒഡിഎഫ് റേറ്റിങ്ങിൽ ഒഡിഎഫ് പ്ലസ് പ്ലസും കൊച്ചി നേടി. ഗാർബേജ് ഫ്രീ സിറ്റി റേറ്റിങ് ലഭിക്കുന്ന കേരളത്തിലെ ആദ്യ കോർപറേഷനുകളിൽ ഒന്നാണു കൊച്ചി.
ഖര മാലിന്യ സംസ്കരണം, ശാസ്ത്രീയ ശേഖരണവും തരംതിരിക്കലും, പുനരുപയോഗവും സംസ്കരണ സംവിധാനങ്ങളും, പൊതുജന പങ്കാളിത്തം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎഫ്സി സ്റ്റാർ റേറ്റിങ്. 2024ലെ സർവേയിൽ 4 പ്രധാന ഘടകങ്ങളാണു മാനദണ്ഡമാക്കിയത്.
ആദ്യ 2 ഘടകങ്ങളിൽ നഗരശുചിത്വം സംബന്ധിച്ചു പൗരന്മാരിൽ നിന്ന് ലഭ്യമാക്കിയ പൊതുജനാഭിപ്രായമാണ്. മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ വിലയിരുത്തലാണു മൂന്നാമത്തെ ഘടകം.
നാലാം ഘട്ടം നേരിട്ടുള്ള ഫീൽഡ് പരിശോധനയാണ്. വിവിധ സ്ഥലങ്ങളിലെ പ്ലാന്റുകളും ഫീൽഡ് പരിശോധനയിൽ ഉൾപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]