കൊച്ചി ∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്നതിനുള്ള പണികൾ തുടങ്ങി. പ്ലാറ്റ്ഫോമുകളും ട്രെയിനുകളുടെ വാതിൽപടികളും തമ്മിലുള്ള ഉയരവ്യത്യാസം അപകടത്തിന് ഇടയാക്കുന്നുവെന്ന പരാതികളെ തുടർന്നാണു നടപടി.
ആദ്യഘട്ടത്തിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഉയരമാണ് കൂട്ടുന്നത്.
ഇതിന്റെ ഭാഗമായി എറണാകുളത്തു നിന്ന് സർവീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തിനു പകരം ആലുവയിൽ നിന്നായിരിക്കും ചില ട്രെയിനുകൾ സർവീസ് ആരംഭിക്കുക.
പ്ലാറ്റ്ഫോം രണ്ടിലെ പണികൾ പൂർത്തിയാകുന്ന മുറയ്ക്കു 3,4,5 പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടും.
കനത്ത മഴ പെയ്താൽ ട്രാക്കിൽ വെള്ളം കയറി ട്രെയിൻ സർവീസുകൾ മുടങ്ങുന്ന അവസ്ഥ ഉണ്ടായതോടെ 4 വർഷം മുൻപ് സൗത്ത് സ്റ്റേഷനിലെ റെയിൽവേ ട്രാക്കുകൾ ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പ്ലാറ്റ്ഫോമുകളുടെ ഉയരം കുറഞ്ഞത്.
ഇതോടെ പ്രായമായവരും സ്ത്രീകളും ട്രെയിനിൽ കയറാൻ ഏറെ പ്രയാസം നേരിട്ടിരുന്നു.
2 കോടി രൂപ ചെലവിലാണ് 4 പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്നത്. 20 മുതൽ 50 സെന്റീമീറ്റർ വരെയാണു പ്ലാറ്റ്ഫോമുകൾ ഉയർത്തുക.
തറയിൽ ഗ്രാനൈറ്റ് പതിക്കുന്നത് ഉൾപ്പെടെയുള്ള പണികൾ സ്റ്റേഷൻ നവീകരണത്തിനൊപ്പം പിന്നീടു പൂർത്തിയാക്കും.
നോർത്തിൽ നടപടിയായില്ല
സൗത്തിലെ പ്ലാറ്റ്ഫോമിന് ഉയരം കൂട്ടാൻ നടപടിയായെങ്കിലും നോർത്തിലെ പ്ലാറ്റ്ഫോമുകൾക്കു വീതി കൂട്ടാനുള്ള പദ്ധതികൾക്കൊന്നും തിരുവനന്തപുരം ഡിവിഷന്റെ അനുമതി ലഭിച്ചിട്ടില്ല. നോർത്തിൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ അറ്റത്ത് വീതി കുറവായതിനാൽ ട്രെയിനുകൾ വരുമ്പോൾ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്ലാറ്റ്ഫോം വീതി കൂട്ടാനായി 12 കോടി രൂപ ചെലവിൽ ഇഎസ്ഐ ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കാൻ ശുപാർശ ഉണ്ടായിരുന്നെങ്കിലും ഡിവിഷൻ അനങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം. പ്ലാറ്റ്ഫോമിനു വീതിയില്ലാത്തത് വലിയ അപകടസാധ്യതയാണു സൃഷ്ടിക്കുന്നത്.
ഇവിടെ മൂന്നാം പ്ലാറ്റ്ഫോം നിർമിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

