കാക്കനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ബൈക്ക് ടാക്സി സർവീസുകളിൽ വ്യാപകമായ നിയമലംഘനം കണ്ടെത്തി. മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പെർമിറ്റില്ലാതെ സർവീസ് നടത്തിയ ഏഴ് ബൈക്കുകൾക്കെതിരെ നടപടി സ്വീകരിച്ചു.
ടാക്സി പെർമിറ്റും മഞ്ഞ നമ്പർ പ്ലേറ്റുമുള്ള ബൈക്കുകൾ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ പാടുള്ളൂ എന്ന ചട്ടം നിലനിൽക്കെയാണ് സ്വകാര്യ ബൈക്കുകൾ ഉപയോഗിച്ചുള്ള അനധികൃത സർവീസ് വ്യാപകമാകുന്നത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
കാക്കനാട് ഉൾപ്പെടെ കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ ഓൺലൈൻ ആപ്പുകൾ വഴി ബൈക്ക് ടാക്സികൾ ബുക്ക് ചെയ്താണ് പരിശോധന നടത്തിയത്. ഇത്തരത്തിൽ വിളിച്ചുവരുത്തിയ 12 ബൈക്കുകളിൽ ഏഴെണ്ണത്തിനും ടാക്സി പെർമിറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
ഇതിനെത്തുടർന്ന് വാഹന ഉടമകൾക്ക് പിഴ ചുമത്തി. ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതിനാൽ ടെക്കികൾ അടക്കമുള്ള യുവതലമുറ ബൈക്ക് ടാക്സികളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്.
യാത്രക്കാർക്ക് ഹെൽമറ്റ് സൗകര്യം ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, സർവീസുകളുടെ സുരക്ഷയും നിയമസാധുതയും സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയാണ് മോട്ടർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്. കുറ്റകൃത്യം ആവർത്തിക്കുന്നപക്ഷം വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

