
അങ്കമാലി– കുണ്ടന്നൂർ ബൈപാസ്; ആശങ്കയുടെ തീ കാഞ്ഞ് കാഞ്ഞൂരിലെ 232 ഭൂവുടമകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞൂർ∙ എൻഎച്ച് 544 അങ്കമാലി– കുണ്ടന്നൂർ– ബൈപാസിനു (കൊച്ചി ബൈപാസ്) സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആശങ്കകൾ പങ്കുവച്ച് കാഞ്ഞൂർ പഞ്ചായത്തിലെ ഭൂവുടമകൾ. പഞ്ചായത്ത് ഭരണ സമിതിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആക്ഷൻ കൗൺസിലും സംയുക്തമായി നടത്തിയ യോഗത്തിൽ ഭൂവുടമകൾ തങ്ങളുടെ ആശങ്കകളും പരാതികളും ആവശ്യങ്ങളും ഉന്നയിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു നൽകാനുള്ള നിവേദനം ഐകകണ്ഠ്യേന അംഗീകരിച്ച് പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.
ബൈപാസിനു വേണ്ടി കാഞ്ഞൂർ പഞ്ചായത്തിൽ 232 പേരുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 138 പേരുടെ വീടുകൾ ഇല്ലാതാകും. കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂവുടമകളുടെ കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ നഷ്ട പരിഹാരം നൽകണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ വീടുകളുടെ കാലപ്പഴക്കം കണക്കാക്കി മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളുവെന്നാണ് ലഭ്യമായ വിവരം. ഇതുമൂലം കാലപ്പഴക്കമുള്ള വീടുകളുടെ ഉടമസ്ഥർ വലിയ നഷ്ടം സഹിക്കേണ്ടി വരും. അവർ പകരം സ്ഥലവും വീടും വാങ്ങുമ്പോൾ നിലവിലെ വില അനുസരിച്ച് വലിയ തുക മുടക്കേണ്ടി വരും.
എന്നാൽ എൻഎച്ച് 66നും എൻഎച്ച് 966നും വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ വീടുകൾക്ക് കാലപ്പഴക്കം കണക്കാക്കാതെ വില നൽകിയെന്ന് നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് സ്ഥലം ഏറ്റെടുക്കുന്നതും വില നൽകുന്നതും. 2013ലെ എൽഎആർആർ നിയമം പൂർണമായും പാലിച്ച് നഷ്ടപരിഹാരം നിശ്ചയിച്ചു നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇതിനു പുറമേ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമേ ഏറ്റെടുക്കുന്നുള്ളുവെങ്കിൽ അത്രയും ഭാഗത്തിന്റെ നഷ്ട പരിഹാരം മാത്രമേ ലഭിക്കുകയുള്ളു.
പക്ഷേ കെട്ടിടത്തിന്റെ ഏറ്റെടുക്കാത്ത ഭാഗം ഉടമസ്ഥന് ഒന്നിനും ഉപയോഗിക്കാൻ പറ്റില്ല. അതിനാൽ നഷ്ടം സഹിച്ച് വീടു വിട്ടിറങ്ങേണ്ട അവസ്ഥയാണ്. കെട്ടിടം പൂർണമായും ഏറ്റെടുത്ത് നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം.വില്ലേജ് രേഖകളിൽ നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ളതും എന്നാൽ കാലങ്ങളായി പുരയിടമായി ഉപയോഗിക്കുന്നതുമായ സ്ഥലം ഏറ്റെടുത്താൽ നിലത്തിന്റെ വില മാത്രമേ നൽകുകയുള്ളു എന്ന വ്യവസ്ഥയും നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത് (wpc 1288/2024) പൊതു ആവശ്യത്തിനു ഭൂമി ഏറ്റെടുക്കുമ്പോൾ ബിടിആർ അല്ല നോക്കേണ്ടത് നിലവിലുള്ള ഭൂമിയുടെ അവസ്ഥ പരിശോധിച്ച് പുരയിട സ്വഭാവമുള്ള ഭൂമിക്ക് പുരയിടത്തിന്റെ വില നൽകണം എന്നാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
നാടിന്റെ വികസനത്തിനു വേണ്ടി വലിയ ത്യാഗം സഹിച്ച് തങ്ങളുടെ ജനിച്ചു വളർന്ന വീടും കൃഷിഭൂമിയും ഉപജീവന മാർഗങ്ങളുമെല്ലാം നഷ്ടപ്പെടുത്തുമ്പോൾ നിയമപരമായി എല്ലാ നഷ്ട പരിഹാരങ്ങളും ലഭിക്കേണ്ടത് എല്ലാ ഭൂവുടമകളുടെയും അവകാശമാണെന്ന് അങ്കമാലി–കുണ്ടന്നൂർ എൻഎച്ച് 544 ബൈപാസ് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. ഇത് നൽകാതിരിക്കാൻ ഇല്ലാത്ത നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് ഉദ്യോഗസ്ഥർ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.