പള്ളുരുത്തി (കൊച്ചി)∙ വിദ്യാർഥിനി ഹിജാബ് (ശിരോവസ്ത്രം) ധരിച്ചു സ്കൂളിൽ എത്തിയതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനായി അടച്ച സെന്റ് റീത്താസ് പബ്ലിക് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചു. വിദ്യാർഥിനിയുടെ രക്ഷിതാവും സ്കൂൾ മാനേജ്മെന്റും വിഷയം ചർച്ച ചെയ്തു പരിഹരിച്ചിരുന്നു.
ആരോഗ്യപ്രശ്നം കാരണം കുട്ടി ബുധനാഴ്ച അവധിയെടുത്തതായി രക്ഷിതാവ് അറിയിച്ചു. സ്കൂളിൽ പൊലീസ് സംരക്ഷണം തുടരുകയാണ്.
സ്കൂൾ തലത്തിൽ വിഷയത്തിനു സമവായം ഉണ്ടായെങ്കിൽ നല്ലതെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.
സ്കൂൾ ചട്ടലംഘനം നടത്തിയെന്നും നടപടിയെടുക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് തലേന്ന് മന്ത്രി പറഞ്ഞത്. മാനേജ്മെന്റിനോട് വിശദീകരണം ആരായുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം,വിദ്യാർഥിനിക്കു പഠനം നിഷേധിച്ചിട്ടില്ലെന്നു മാനേജ്മെന്റും വ്യക്തമാക്കി. യൂണിഫോമിന്റെ ഭാഗമല്ലാത്ത ഹിജാബ് ഒഴിവാക്കണമെന്നു സ്കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചതാണ് ആശയക്കുഴപ്പങ്ങളുടെ തുടക്കം.
സ്കൂളിൽ പ്രവേശനം നൽകിയപ്പോൾ തന്നെ ഇക്കാര്യം പറഞ്ഞിരുന്നതായും 4 മാസം കുട്ടി യൂണിഫോം ധരിച്ചു വന്നിരുന്നെന്നും സ്കൂൾ അധികൃതർ പറയുന്നു.
എന്നാൽ ഹിജാബ് ധരിച്ചതിനു കുട്ടിയെ ഒരു മണിക്കൂറോളം പുറത്തു നിർത്തിയതായി രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും സാന്നിധ്യത്തിൽ രക്ഷിതാവും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
വിഷയങ്ങൾ ചർച്ച ചെയ്തു രമ്യമായി പരിഹരിച്ചതായും വിദ്യാർഥിനി സ്കൂളിൽ തുടർന്നു പഠിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ല.
തീരുമാനങ്ങൾ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതായും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
യൂണിഫോം വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നു ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. യൂണിഫോം വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം നിരുത്തരവാദിത്തപരവും നിയമവിരുദ്ധവുമെന്നു കെആർഎൽസിസി കുറ്റപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

