കൊച്ചി ∙ വെറും 17 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ളൊരു കുഞ്ഞൻ പായ്വഞ്ചിയിൽ 4 സമുദ്രങ്ങളും 25,600 നോട്ടിക്കൽ മൈൽ ദൂരവും താണ്ടി ലോകം ചുറ്റിയ കഥ അവർ പറഞ്ഞപ്പോൾ ‘ദ് വീക്ക്’ മാരിടൈം കോൺക്ലേവിലെ സദസ്സ് ആവേശത്തിന്റെ, അദ്ഭുതത്തിന്റെ തിരയിലേറി. ലഫ്.
കമാൻഡർമാരായ കെ.ദിൽനയും എ.രൂപയും പറഞ്ഞതു സ്ത്രീശക്തിയുടെയും ഇന്ത്യൻ നാവികസേനയുടെയും പതാക വാഹകരായി മാറിയ ആവേശകരമായ ജീവിതകഥ. പ്രക്ഷുബ്ധമായ കടലിന്റെ രൗദ്രതയും കാറ്റിന്റെ വന്യതയും അതിജീവിച്ച് 238 ദിവസം കൊണ്ടു ലോകം ചുറ്റിയ പെൺകുട്ടികൾ!
‘നാവിക സാഗർ പരിക്രമ’ രണ്ടാം പതിപ്പിന്റെ ഭാഗമായി ഐഎൻഎസ്വി തരിണി എന്ന പായ്വഞ്ചിയിൽ അവർ ഗോവയിൽ നിന്നു സമുദ്ര പരിക്രമണം ആരംഭിച്ചത് 2024 ഒക്ടോബർ രണ്ടിന്. കടലാഴമുള്ള അനുഭവങ്ങളുമായി തിരിച്ചു ഗോവയിലെത്തിയത് ഈ വർഷം മേയ് 29 ന്.
‘സാങ്കേതികമായി മികച്ച പായ്വഞ്ചിയാണു തരിണി.
പക്ഷേ, കരയിൽ ലഭിക്കുന്ന ആഢംബരങ്ങളൊന്നും ഇല്ല. ഒരു സാധാരണ ഗ്യാസ് സ്റ്റൗവിൽ സമയം കിട്ടിയപ്പോഴൊക്കെ ലളിതമായ ഭക്ഷണമുണ്ടാക്കി.
എസിയില്ല, റഫ്രിജറേറ്ററില്ല. പലപ്പോഴും, തിരയടിച്ചു കയറി ബെഡ് നനഞ്ഞു.
ഉറക്കം നനഞ്ഞ ബെഡിൽ തന്നെ’ – കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിനി ലഫ്. കമാൻഡർ കെ.ദിൽനയുടെ വാക്കുകളിലുണ്ട്, ആ യാത്രയുടെ സാഹസികത.
ഇരുവരും കഥകൾ പറയുമ്പോൾ കേൾവിക്കാരനായി ഒറ്റയ്ക്ക് പായ്വഞ്ചിയിൽ ലോകം ചുറ്റിയ സഞ്ചാരി അഭിലാഷ് ടോമിയും മുൻനിരയിലുണ്ടായിരുന്നു. കടലിൽ ഭൂമി ചുറ്റിവന്ന പരിചയം മുൻനിർത്തി കമാൻഡർ അഭിലാഷ് ടോമിയെ തന്നെയാണ് ദിൽനയെയും രൂപയെയും പരിശീലിപ്പിക്കാൻ നേവി നിയോഗിച്ചത്.
‘ വഞ്ചി തടികൊണ്ട് ഉണ്ടാക്കിയതായാലും അതിലെ നാവികർ ഉരുക്കു പോലായാൽ മതി.
ഇന്ത്യയ്ക്ക് അനുപമമായ നാവിക അനുഭവ വിജ്ഞാനമാണ് സാഗർ പരിക്രമയിലൂടെ ലഭിച്ചത്.ലോകം ചുറ്റിയ സഞ്ചാരികളുടെ പേരുകൾ പലരും ഓർത്തിരിക്കും, എന്നാൽ അവർ യാത്ര ചെയ്ത പായ്വഞ്ചിയുടെ പേര് പലരും മറന്നുപോവും.ഒരു മികച്ച നാവികന് ശരാശരി വഞ്ചിയിൽ ലോകം കീഴടക്കാനാകില്ല.എന്നാൽ ഒരു ശരാശരി നാവികന് മികച്ച വഞ്ചിയിൽ അതു സാധിക്കും ’– കയ്യടിക്കിടെ അഭിലാഷ് ചൂണ്ടിക്കാട്ടി.
‘ നോക്കെത്താ ദൂരം വിടർന്നു കിടക്കുന്ന കടലിന്റെ അതിവിശാലത കാണുമ്പോൾ നാം എത്ര നിസ്സാരമാണെന്നു തോന്നിയിട്ടുണ്ട്. ചിലപ്പോൾ മരവിപ്പിക്കുന്ന തണുപ്പ്, മറ്റു ചിലപ്പോൾ അസഹനീയ ചൂട്… വ്യത്യസ്ത സാഹചര്യങ്ങളോടു പൊരുത്തപ്പെടുക വെല്ലുവിളിയായിരുന്നു’ – പുതുച്ചേരി സ്വദേശിനിയായ ലഫ്.
കമാൻഡർ എ. രൂപയുടെ വാക്കുകൾ.
അനുഭവങ്ങളുടെ തിരയടങ്ങാത്ത അവരുടെ വാക്കുകൾക്കൊടുവിൽ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു; പിന്നെ, നിലയ്ക്കാത്ത കരഘോഷം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]