
കെനിയയിലെ വാഹനാപകടം: നാലു മലയാളികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
നെടുമ്പാശേരി ∙ കെനിയയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു മരിച്ച 4 മലയാളികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു; ഒരാളുടെ സംസ്കാരം നാളെ. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ അടുത്തടുത്തു തീർത്ത രണ്ടു ഖബറുകളിലായാണു കുറ്റിക്കാട്ടുചാലിൽ ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്) എന്നിവരുടെ അന്ത്യവിശ്രമം.
പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ സംസ്കാരം റിയയുടെ ഭർത്താവ് ജോയലിന്റെ നാടായ കോയമ്പത്തൂർ പോത്തന്നൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി. മണ്ണൂരിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷമാണു കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.
മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്കിന്റെ (58) സംസ്കാരം നാളെ പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ പള്ളിയിൽ നടത്തും. ഇന്നലെ രാവിലെ 9.20നു ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.
പ്രദീഷ്, എയർപോർട്ട് ഡയറക്ടർ ജി.മനു, നോർക്ക റൂട്സ് ജനറൽ മാനേജർ ടി. രശ്മി എന്നിവരും വിമാനത്താവളത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
മൃതദേഹങ്ങൾ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിനു മുൻപിൽ പൊതുദർശനത്തിനു വയ്ക്കാൻ ക്രമീകരണങ്ങൾ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം വേണ്ടെന്നുവച്ചു. അപകടത്തിൽ പരുക്കേറ്റ ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, ഗീതയുടെ ഭർത്താവ് ഷോജി ഐസക്, മകൻ ഏബൽ, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവരും ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. അമ്മയുടെയും സഹോദരിയുടെയും മരണവിവരം അറിയിക്കാതെയാണു ട്രാവിസിനെ നാട്ടിലെത്തിച്ചത്.
9 ന് ഇന്ത്യൻ സമയം രാത്രി 7 മണിയോടെയാണു വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടത്. ഖത്തറിൽനിന്നാണ് ഇവരെത്തിയത്. നെയ്റോബിയിൽനിന്നു 150 കിലോമീറ്റർ അകലെ ബസ് താഴ്ചയിലേക്കു കീഴ്മേൽ മറിഞ്ഞായിരുന്നു അപകടം.
അപകടത്തിൽ 5 മലയാളികളടക്കം 6 പേർ മരിച്ചിരുന്നു. കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി പി.
രാജീവ് അന്ത്യോപചാരം അർപ്പിക്കുന്നു.
ജസ്നയുടെയും മകളുടെയും സംസ്കാരത്തിന് വൻ ജനാവലി
മൂവാറ്റുപുഴ∙ കെനിയയിൽ വാഹനാപകടത്തിൽ മരിച്ച പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെയും ലൈലയുടെയും മകൾ ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണു പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കിയത്. ഒറ്റ കുഴിയിൽ 2 കബറിടം തീർത്താണ് ഉമ്മയെയും മകളെയും തൊട്ടടുത്തായി കബറടക്കിയത്. അമ്മയെയും കുഞ്ഞിനെയും അവസാനമായി ഒരുനോക്കു കാണാൻ നൂറുകണക്കിനാളുകളാണു കുറ്റിക്കാട്ടുചാലിൽ വീട്ടിലും സെൻട്രൽ ജുമാ മസ്ജിദിലും എത്തിയത്.സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി ഇന്നലെ ഒൻപതരയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
അപകടത്തിൽ പരുക്കേറ്റ ഭർത്താവ് മുഹമ്മദ് ഹനീഫയും ഉറ്റ ബന്ധുക്കളും മൃതദേഹങ്ങൾക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. പന്ത്രണ്ടരയോടെയാണു മൃതദേഹങ്ങൾ പേഴയ്ക്കാപ്പള്ളിയിലെ ജസ്നയുടെ വീട്ടിൽ എത്തിച്ചത്.
തുടർന്ന് പ്രാർഥനയ്ക്കു ശേഷം പന്ത്രണ്ടരയോടെ പള്ളിയിലേക്കു കൊണ്ടുപോയി. മയ്യത്ത് നമസ്കാരത്തിനും നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഇമാം ഫൈസൽ ഫൈസി നേതൃത്വം നൽകി. മാത്യു കുഴൽ നാടൻ എംഎൽഎ, മുൻ എംഎൽഎ എൽദോ ഏബ്രഹാം, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.
അലിയാർ എന്നിവരുൾപ്പെടെ നൂറുകണക്കിനാളുകൾ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]