കൊച്ചി ∙ നെടുമ്പാശേരിയിൽ സ്റ്റേഡിയം പദ്ധതിക്കു സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയതോടെ കൊച്ചി വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കു വേദിയാകുമെന്ന പ്രതീക്ഷയിൽ ആരാധകർ. കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നിട്ട് 12 വർഷമായി.
2014ൽ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ– വെസ്റ്റ് ഇൻഡീസ് മത്സരമാണു കൊച്ചി ആതിഥ്യം വഹിച്ച അവസാന രാജ്യാന്തര ക്രിക്കറ്റ് മത്സരം.
ദേശീയപാത 544നോടു ചേർന്നു ചെങ്ങമനാട് പഞ്ചായത്തിലാണു നിർദിഷ്ട പദ്ധതി പ്രദേശം.
പദ്ധതിയെ ‘പൊതു ആവശ്യം’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതോടെ ഭൂമി തരംമാറ്റത്തിനും നികത്താനും സർക്കാർ ഇളവുകൾ നൽകും. കൃഷി വകുപ്പിന്റെ സംസ്ഥാന മേൽനോട്ട
സമിതിയാണ് ഇതിന് അംഗീകാരം നൽകേണ്ടത്. നിലവിലെ സാഹചര്യത്തിൽ പുതിയ സർക്കാർ ചുമതലയേറ്റതിനു ശേഷമേ സമിതി യോഗം ചേർന്ന് അംഗീകാരം നൽകാനിടയുള്ളൂ.
ബിസിസിഐയുടെ സഹകരണത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) നടപ്പാക്കുന്ന പദ്ധതിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമുൾപ്പെടുന്ന സ്പോർട്സ് സിറ്റിയാണു വിഭാവനം ചെയ്യുന്നത്.
ഇൻഡോർ സ്റ്റേഡിയം, പരിശീലന മൈതാനം, സ്പോർട്സ് അക്കാദമി, കായിക ഗവേഷണ കേന്ദ്രം, സ്പോർട്സ് മെഡിസിൻ സെന്റർ, ക്ലബ് ഹൗസ്, ഹോട്ടൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മൊത്തം 750 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലുണ്ടാകും.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 5 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ എന്നതിനാൽ സ്റ്റേഡിയം സജ്ജമായാൽ രാജ്യാന്തര മത്സരങ്ങൾക്കു വേദിയാകാനുള്ള സാധ്യത കൂടുതലാണ്.
40,000 കാണികൾക്ക് ഇരിക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിനു 450 കോടി രൂപയാണു നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് സിറ്റിയിലെ മറ്റു പദ്ധതികൾ പൊതു– സ്വകാര്യ പങ്കാളിത്തത്തോടെയാകും നടപ്പാക്കുക.
പദ്ധതിക്കു വേണ്ടി 26 ഏക്കർ ഭൂമി വാങ്ങാൻ ഭൂവുടമകളുമായി കെസിഎ നേരത്തേ ധാരണയിലെത്തിയിരുന്നു.
ഇതിലേറെയും ഇഷ്ടികക്കളമായി നേരത്തേ ഉപയോഗിച്ചിരുന്ന ഭൂമിയാണ്. കായികാവശ്യങ്ങൾക്കു പ്രയോജനപ്പെടുത്താൻ ഈ ഭൂമി തരംമാറ്റേണ്ടി വരും.
ആദ്യ ഘട്ടത്തിൽ ക്രിക്കറ്റ് സ്റ്റേഡിയവും 5 വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി മറ്റു പദ്ധതികളും നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

