കളമശേരി∙ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇടപ്പള്ളി ടോളിൽ ആരംഭിച്ച അഗ്രോ ബസാർ പൂട്ടിയ നാളികേര വികസന കോർപറേഷൻ, സ്വകാര്യ വ്യക്തിക്കു പേ ആൻഡ് പാർക്കും ഹോട്ടലും തുടങ്ങാൻ ഭൂമി പാട്ടത്തിനു നൽകി. വ്യാപാര കേന്ദ്രമായ ഇടപ്പള്ളി ടോളിലെ 3 ഏക്കറോളം വരുന്ന ഭൂമിയിൽ മറ്റു പദ്ധതികൾ നടപ്പിലാക്കുന്നതിനു താൽപര്യ പത്രം ക്ഷണിക്കാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് എന്നായിരുന്നു ഇതുവരെ കോർപറേഷൻ അധികൃതർ പറഞ്ഞിരുന്നത്.
അഗ്രോ പാർക്ക് ഉൾപ്പെടെ 300 കോടിയുടെ പദ്ധതിയാണു സർക്കാരിനു സമർപ്പിച്ചിട്ടുള്ളതെന്നും അംഗീകാരം ലഭിച്ചാലുടൻ പാട്ടക്കരാറുകാരെ ഒഴിപ്പിക്കുമെന്നും ഇപ്പോഴും പറയുന്നുണ്ട്.
സ്വകാര്യ വ്യക്തി പകുതിയോളം സ്ഥലം വൃത്തിയാക്കി ബോർഡ് വച്ചപ്പോഴാണു സ്ഥലം കൈമാറിയത് നാട്ടുകാർ അറിയുന്നത്. സ്ഥലം പാട്ടത്തിനു നൽകുന്നതിനു ടെൻഡർ വിളിച്ചിരുന്നതായും 6 പേർ പങ്കെടുത്തിരുന്നുവെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
ആലുവ സ്വദേശിക്കാണ് കരാർ നൽകിയത്.
കേരയും നീരയുമുൾപ്പെടെ കേരഫെഡിന്റെ ഉൽപന്നങ്ങളും ജൈവ പച്ചക്കറി ഉൽപന്നങ്ങളും കാർഷിക ഉപകരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് 2018 മേയിൽ അഗ്രോ ബസാർ സ്ഥാപിച്ചത്. മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ഥാപനം ലക്ഷ്യത്തിൽ നിന്ന് അകന്നു.
കേരയും നീരയും മറ്റ് ഉൽപന്നങ്ങളും വിറ്റിരുന്ന സ്റ്റാൾ ആദ്യം പൂട്ടി. പച്ചക്കറി സ്റ്റാൾ വനവിഭവങ്ങളുടെ വിൽപന സ്റ്റാളാക്കി മാറ്റി.
പിന്നീട് പുറംകരാർ നൽകി ചായക്കടയും തുടങ്ങി. ഒടുവിൽ എല്ലാം പൂട്ടി. സ്ഥലം കാടുകയറി കിടക്കുന്നതു മൂലം പരിസരവാസികൾ പരാതി പറഞ്ഞതിനാലാണ് സ്ഥലം വീണ്ടും വാടകയ്ക്കു നൽകിയതെന്നു കോർപറേഷൻ അധികൃതർ ന്യായീകരിക്കുന്നു.
ഭൂമി ഉപയോഗപ്പെടുത്താൻ പലരും സമീപിച്ചു, നൽകിയില്ല
നഗരമധ്യത്തിലെ ഈ ഭൂമി ഉപയോഗപ്പെടുത്താൻ നഗരസഭയടക്കം സമീപിച്ചെങ്കിലും നാളികേര വികസന കോർപറേഷൻ നൽകിയില്ല.
ഈ ഭൂമിയിൽ കൃഷി നടത്തി ലാഭകരമാണന്നു കുടുംബശ്രീ പ്രവർത്തകർ തെളിയിച്ചതാണ്. കൃഷി തുടരുന്നതിന് അവർ സമീപിച്ചപ്പോൾ നാളികേര വികസന കോർപറേഷൻ അനുമതി നൽകിയില്ല.
പിന്നീടാണ് അഗ്രോബാസാർ സ്ഥാപിച്ചത്. നഗരസഭയും വികസന പദ്ധതികൾക്കായി സമീപിച്ചിരുന്നു.
അങ്കണവാടിക്കായി സ്ഥലം തേടിയപ്പോഴും നാളികേര വികസന കോർപറേഷൻ സഹകരിച്ചില്ല.
കാംകോ 1998ൽ 25 ലക്ഷം രൂപ നാളികേര വികസന കോർപറേഷനു വായ്പ നൽകിയിരുന്നു. 18% പലിശയ്ക്കാണ് വായ്പ നൽകിയതെന്നു തൊഴിലാളികൾ പറയുന്നു.
തിരിച്ചടവ് മുടങ്ങിയാൽ 21% പിഴപ്പലിശയും ചുമത്തിയിരുന്നു. വായ്പ തിരിച്ചടയ്ക്കാനായില്ലെങ്കിൽ ഇടപ്പള്ളിയിലെ ഭൂമി വിറ്റു കടം വീട്ടുമെന്നായിരുന്നു വാഗ്ദാനം. വായ്പ പലിശ കൂടിക്കൂടി ഇപ്പോൾ 32 കോടി രൂപ കാംകോയ്ക്ക് ലഭിക്കാനുണ്ടെന്നും പറയുന്നു.
പണത്തിനു പകരമായി കാംകോയും ഈ ഭൂമിയിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി തൊഴിലാളികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

