
പറവൂർ ∙ പുതിയ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി മൂത്തകുന്നം – കോട്ടപ്പുറം പാലത്തിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. ഗർഡറുകൾ നിർമിച്ച ശേഷം വലിയ ക്രെയിൻ ഉപയോഗിച്ചാണു പാലത്തിന്റെ തൂണുകളിൽ ഘടിപ്പിക്കുന്നത്.
തുടർന്ന് ഇതിനു മേൽ കോൺക്രീറ്റിങ് നടത്തും. മൂത്തകുന്നം – വലിയപണിക്കൻതുരുത്ത്, വലിയപണിക്കൻതുരുത്ത് – കോട്ടപ്പുറം എന്നീ 2 പ്രധാന പാലങ്ങൾ ഉൾപ്പെടുന്നതാണ് മൂത്തകുന്നം – കോട്ടപ്പുറം പാലം.
എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇടപ്പള്ളി – മൂത്തകുന്നം റീച്ചിലെ മറ്റൊരു പ്രധാന പാലമായ വരാപ്പുഴ പാലം നിർമാണത്തിൽ സ്റ്റീൽ ഗർഡറുകൾക്കു പകരം കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിച്ചത്.
പുഴകളിൽ നിന്നു മണ്ണ് ഡ്രജ് ചെയ്തു നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചതിനാൽ മണ്ണെടുക്കുന്നതിനായി കോട്ടപ്പുറം കായലിൽ ഡ്രജിങ് നടത്തുന്നുണ്ട്. ഇത്തരത്തിൽ മണ്ണ് ലഭ്യമായാൽ നിർമാണത്തിനുള്ള മണ്ണിന്റെ ക്ഷാമം കുറച്ചു കുറയും.
എന്നാൽ, കല്ലിന്റെ ദൗർലഭ്യം ഇപ്പോഴും തുടരുകയാണ്.
2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം രണ്ടര വർഷം പിന്നിട്ടിട്ടും കരാറുകാരായ ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കല്ലെടുക്കാൻ ക്വാറി ലഭിച്ചിട്ടില്ല. സർക്കാർ ചാലക്കുടിയിൽ ക്വാറി അനുവദിച്ചിട്ടുണ്ടെങ്കിലും തൃശൂർ കലക്ടറുടെ ഭാഗത്തു നിന്നു ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നാണു കമ്പനി അധികൃതർ പറയുന്നത്.
നിർമാണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കമ്പനി ചാലക്കുടിയിൽ സ്ഥാപിച്ച ക്രഷർ യൂണിറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാനും കഴിഞ്ഞിട്ടില്ല.
അടുത്ത വർഷം മേയിൽ നിർമാണം പൂർത്തീകരിക്കണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും കല്ലിന്റെ ക്ഷാമം പരിഹരിച്ചാൽ മാത്രമേ സാധ്യമാകൂ. ഇടപ്പള്ളി – മൂത്തകുന്നം റീച്ചിൽ 66 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും മഴക്കാലമായതിനാൽ ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല.
മഴക്കാലത്തിനു ശേഷം റോഡ് ടാറിങ് സജീവമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]