മുംബൈ ∙ 5 വർഷത്തിനുള്ളിൽ നഗരത്തിൽ 7 ലക്ഷം ഫ്ലാറ്റുകൾ നിർമിക്കാൻ സർക്കാരിന്റെ ഭവന വിഭാഗമായ മാഡ ഒരുങ്ങുന്നു. പുനർനിർമാണ പദ്ധതികൾ ഉൾപ്പെടെ മുംബൈ മഹാനഗരത്തിൽ 7 ലക്ഷം വസതികൾ എന്ന ലക്ഷ്യമാണു മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റിക്കുള്ളത്.
സാധാരണക്കാർക്കും ഇടത്തരക്കാരിൽ താഴെയുള്ളവർക്കും വാങ്ങാവുന്ന വിധത്തിലാകും ഫ്ലാറ്റുകൾക്കു വിലയിടുകയെന്നും മാഡ അധികൃതർ പറഞ്ഞു. വിവിധ ഭവന പദ്ധതികൾ, പുനർവികസന പദ്ധതികൾ, പിഎംജിപി കോളനി നവീകരണം എന്നിവയിലൂടെയാണ് ഇവ നിർമിക്കുക.
സയണിലെ ജിടിബി കോളനി, അന്ധേരിയിലെ എസ്വിപി നഗർ, ഗോരേഗാവിലെ മോത്തിലാൽ നഗർ, മുംബൈ സെൻട്രലിന് അടുത്തുള്ള കാമാഠിപുര എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ വരുന്നതോടെ മുംബൈ നഗരത്തിലെ ചേരികൾ തന്നെ ഇല്ലാതാകുകയും നഗരത്തിനു പുതിയൊരു മുഖം നൽകാനാകുമെന്നുമാണ് അധികൃതർ കരുതുന്നത്.
മുഖം മാറുന്ന നഗരം
പഴയ കെട്ടിടങ്ങൾ നവീകരിക്കുകയും ചേരിമുക്ത നഗരമാക്കി മുംബൈയെ മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
മുംബൈയിലെ വലിയ ചേരികളിലൊന്നായ ഗോരേഗാവ് മോത്തിലാൽ നഗറിൽ മാത്രം 35,000 ഫ്ലാറ്റുകളാണു നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
കാമാഠിപുരയിൽ 19,131 ഫ്ലാറ്റുകൾ
ധാരാവി പുനർനിർമാണ പദ്ധതിക്കു പിന്നാലെ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണു കാമാഠിപുരയുടെ നവീകരണം. അർഹരായ രേഖയുള്ളവർക്കു വീട് നൽകുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പൂർണമായും ചേരിയെ അധുനിക മുഖമുള്ള മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യവും ഉണ്ട്. ഇവിടെ 19,131 ഫ്ലാറ്റുകൾ നിർമിക്കാനാണു പദ്ധതി.
ഭേണ്ടി ബസാർ പുനർവികസന പദ്ധതിയിൽ 7769 വീടുകളും നിർമിക്കും. 3 വർഷത്തിനിടയിൽ മാഡയുടെ നേതൃത്വത്തിൽ 18 നറുക്കെടുപ്പുകൾ നടത്തിയെന്നും ഇതിലൂടെ 43,000 ഫ്ലാറ്റുകൾ വിറ്റതായും അധികൃതർ പറഞ്ഞു.
ശനിയാഴ്ച കൊങ്കൺ മേഖലയിൽ 5354 വീടുകൾക്കും 77 പ്ലോട്ടുകൾക്കുമുള്ള നറുക്കെടുപ്പ് നടത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]