പെരുമ്പാവൂർ ∙ കാർഷിക പാരമ്പര്യത്തെ ഓർമപ്പെടുത്തി തേക്കു കൊട്ട, പാട വരമ്പിലൂടെ നടത്തം, സൈക്കിൾ സവാരി, കാർഷിക പ്രതീകങ്ങളുടെ മുന്നിൽ സെൽഫി… കാർഷിക സംസ്കൃതിയെ പുതു തലമുറയ്ക്കു പകർന്നു നൽകാൻ ജില്ലാ പഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ആരംഭിച്ച ഒക്കൽ ഫാം ഫെസ്റ്റിലേക്ക് ആസ്വാദകർ ഒഴുകുന്നു.ദിവസവും രാവിലെ 9 മുതൽ 7 വരെയാണ് ഫെസ്റ്റ്.
കാർഷിക പ്രദർശന – വിപണന മേള, സെമിനാറുകൾ, ഡോക്യുമെന്ററി – വിഡിയോ പ്രദർശനം, പായസ പാചക മത്സരം, ചൂണ്ടയിടൽ മത്സരം, ട്രഷർ ഹണ്ട്, റെയിൻബോ ഡാൻസ് എന്നിവയും ആസ്വദിക്കാം. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഇനി കാർബൺ ന്യൂട്രൽ
രാജ്യത്തെ ആദ്യത്തെ കാർബൺ സന്തുലിത കൃഷി ഫാമായി ഒക്കൽ വിത്തുൽപാദന കേന്ദ്രത്തെ മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചു.
പ്രകൃതിക്കു ദോഷകരമായ കാർബൺ പുറന്തള്ളൽ ഘട്ടം ഘട്ടമായി കുറച്ചു പ്രകൃതി സൗഹൃദമാക്കിയാണു നേട്ടം കൈവരിച്ചത്. ഐപിസിസി, യുഎൻഎഫ് സിസി മാനദണ്ഡങ്ങളും മാർഗ നിർദേശങ്ങൾ പാലിച്ച് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനത്തിൽ 2024ൽ ഫാമിൽ നിന്ന് 221.67 ടൺ (tCO2e) കാർബൺ തത്തുല്യവാതകങ്ങൾ പുറന്തള്ളുന്നതായാണ് കണ്ടെത്തിയത്.
ഫാമിലെ ആകെ കാർബൺ പുറന്തള്ളലിന്റെ 76 ശതമാനവും കൃഷിയിൽനിന്നാണെന്നും പഠനത്തിൽ കണ്ടെത്തി.
ഇതിൽ നെൽക്കൃഷിയിൽനിന്ന് മാത്രം പുറന്തള്ളുന്നത് 149.25 ടണ്ണാണ്. ഊർജ ഉപയോഗത്തിലൂടെ 28.88 ടൺ, വാഹന ഉപയോഗത്തിലൂടെ 8.91 ടൺ, കന്നുകാലികളിലൂടെ 8.63 ടൺ, മാലിന്യ സംസ്കരണത്തിലൂടെ 5.93 ടൺ എന്നിങ്ങനെയാണ് മറ്റുള്ളവ.
മണ്ണ് (627.61 ടൺ), ഉപരിതല ജൈവാംശം (111.79 ടൺ), ഭൂഗർഭ ജൈവാംശം (27.95 ടൺ) എന്നിവയിൽ 767.34 ടൺ കാർബൺ കരുതൽ ഫാമിലുണ്ടെന്നും കണ്ടെത്തിയിരുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി രാസവളങ്ങൾക്ക് പകരം ജൈവ ബദലുകൾ ഉപയോഗിച്ചും കൃഷി സ്ഥലത്തിന്റെ 10% ഓർഗനൈസേഷനൽ ഫാമിങ്ങിന് കീഴിൽ കൊണ്ടുവന്നും രാസ കീടനാശിനികൾ ഘട്ടം ഘട്ടമായി ഒഴിവാക്കിയുമാണു കാർബൺ സന്തുലിതാവസ്ഥ നേടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]