കൊച്ചി∙ ലഹരി ഇടപാടു കേസിൽ പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്നു പിടിയിലായ യൂട്യൂബർ കോഴിക്കോട് ചുങ്കം സ്വദേശിനി റിൻസി മുംതാസിന്റെ (32) ഫോൺ കോൾ ലിസ്റ്റിൽ ഉൾപ്പെട്ട സിനിമാ പ്രവർത്തകരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം.
സമീപകാലത്തു റിൻസിയുമായി ഫോണിൽ സംസാരിച്ച നടൻ ഉൾപ്പെടെ ഏതാനും സിനിമാ പ്രവർത്തകരുമായി പൊലീസ് ബന്ധപ്പെട്ടു. 6 മാസത്തിനിടെ പലതവണ റിൻസിയുമായി സംസാരിച്ചവരുടെ പട്ടികയിൽ അഭിനേതാക്കൾ ഉൾപ്പെടെ മുപ്പതോളം സിനിമാ പ്രവർത്തകരുണ്ടെന്നാണ് വിവരം.
ഇതിലുൾപ്പെട്ട
നാലു പേരുമായാണ് പൊലീസ് ഫോണിൽ ബന്ധപ്പെട്ടത്. വരാനിരിക്കുന്ന സിനിമയുടെ പ്രമോഷൻ സംബന്ധിച്ച കാര്യങ്ങൾക്കു വിളിച്ചെന്നാണു ചിലരുടെ വിശദീകരണം.
സൗഹൃദമുള്ളതിനാൽ കുശലാന്വേഷണത്തിനു വിളിച്ചെന്നു പൊലീസിനോടു പറഞ്ഞവരുമുണ്ട്. റിൻസിയുടെ ഫോണിൽ ചില കോളുകൾ റിക്കോർഡ് ചെയ്ത നിലയിലാണ്.
മറ്റു ചില കോളുകൾ റിക്കോർഡ് ചെയ്തിട്ടില്ലാത്തതിനാൽ ഇതു ഡിലീറ്റ് ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നു. ഇതു വീണ്ടെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ചലച്ചിത്ര മേഖലയിലെ പല പ്രമുഖരുടെയും ഫോൺ നമ്പറുകൾ റിൻസിയുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്.
ഇവരിൽ ചിലർ മാത്രമാണ് 6 മാസത്തിനിടെ റിൻസിയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത്. ഈ കോളുകളൊന്നും റിൻസിയുടെ ഫോണിൽ റിക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല.
റിൻസി വേറെ ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
പാലച്ചുവട് കാളച്ചാലിനു സമീപത്തെ ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിന്റെ ഒന്നാം ടവറിൽ 12–ാം നിലയിലെ 112–ജെ അപാർട്ട്മെന്റാണ് റിൻസിയും സംഘവും ലഹരി ഇടപാടുകൾക്കു താവളമാക്കിയത്. 7 ടവറുകളിലായി അഞ്ഞൂറോളം അപ്പാർട്ട്മെന്റുകൾ ഉള്ളതിനാൽ നിത്യേന ഒട്ടേറെ സന്ദർശകരെത്തുന്ന ഫ്ലാറ്റാണിത്.
ഇതുകൊണ്ടുതന്നെ ഇവിടെ വന്നുപോകുന്നവരെ കൃത്യമായി ശ്രദ്ധിക്കാറില്ലെന്നാണു മറ്റു താമസക്കാർ പറയുന്നത്.
ചലച്ചിത്ര പ്രവർത്തകരും ഇവിടെ താമസിക്കുന്നുണ്ട്. പുറമേനിന്നു വരുന്ന ചലച്ചിത്ര പ്രവർത്തകർ ഇവരെ കാണാൻ വരുന്നതാകാമെന്ന അനുമാനത്തിൽ മറ്റു താമസക്കാർ കൂടുതൽ ശ്രദ്ധിക്കാറില്ലത്രെ.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ റിൻസിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവുശേഖരിക്കാനുമാണ് പൊലീസിന്റെ തീരുമാനം.
തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. വാടക ഫ്ലാറ്റിൽ റിൻസിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് കല്ലായി സ്വദേശി യാസർ അറാഫത്തിന്റെ (34) സഹായത്തോടെയായിരുന്നു ലഹരി ഇടപാടുകൾ. റിൻസിയുടെയും അറാഫത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും ഓൺലൈൻ പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കോഴിക്കാട് സ്വദേശിയായ ഒരാളുമായി റിൻസി വൻതോതിൽ പണമിടപാടു നടത്തിയിട്ടുണ്ട്. ഇയാൾ വഴിയാണോ രാസലഹരി പാലച്ചുവടിലെ ഫ്ലാറ്റിൽ എത്തിച്ചിരുന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]