വരാപ്പുഴ ∙ വാട്ടർ മെട്രോയ്ക്കും ചങ്ങാടം സർവീസുകൾക്കും ഭീഷണിയായി പെരിയാറിൽ ആഫ്രിക്കൻ പായൽകൂട്ടം. ഇരുകരകളെയും മുട്ടുന്ന തരത്തിൽ ചെറിയ തുരുത്ത് പോലെയാണു പായൽ പുഴയിൽ ഒഴുകുന്നത്.
ഇതിനിടയിലൂടെ വാട്ടർ മെട്രോയും ചങ്ങാടം സർവീസുകളും മറ്റു ബോട്ടുകളും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്. പായലുകൾക്കിടയിൽ വേരുകൾ ശക്തമായി പിണഞ്ഞു കിടക്കുന്നതിനാൽ ഇവ വേർപെട്ടു പോകാനുള്ള സാധ്യതയും കുറവാണ്.
വേലിയേറ്റത്തിൽ വരാപ്പുഴ ഭാഗത്തേക്കും വേലിയിറക്കത്തിൽ എറണാകുളം ഭാഗത്തേക്കും ഒഴുകുന്നതിനാൽ പലപ്പോഴും വാട്ടർ മെട്രോ സർവീസ് നിർത്തേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്.
വേരുകൾ കുരുങ്ങിയാൽ എൻജിൻ തകരാറിലാകുമെന്നതിനാലാണു പായൽ ഒഴുകി നീങ്ങുന്നത് വരെ ബോട്ടുകളും ചങ്ങാടം സർവീസും നിർത്തിയിടേണ്ടി വരുന്നത്. സാധാരണയായി ചെറിയ പായൽ കൂട്ടങ്ങൾ പെരിയാറിൽ കാണാറുണ്ടെങ്കിലും ഇക്കുറി രണ്ടുകരകളിലും മുട്ടുന്നതരത്തിൽ വലിയ പായൽകൂട്ടമാണ് രൂപപ്പെട്ടിരിക്കുന്നത്.
വെള്ളത്തിൽ ഉപ്പിന്റെ അംശം വർധിക്കുന്നതോടെ പായൽ ഉണങ്ങി പുഴയിലേക്കു താഴ്ന്നു പോകാറാണു പതിവ്.
എന്നാൽ, ഇക്കുറി വെള്ളത്തിൽ കാര്യമായ ഉപ്പിന്റെ അംശം ഇല്ലാത്തതിനാൽ ദിവസങ്ങളോളം പായൽക്കൂട്ടം പെരിയാറിൽ ഒഴുകാനുള്ള സാധ്യതയുണ്ട്. ജലഗതാഗത വകുപ്പ് ഇടപെട്ടു പുഴയിലെ പായൽ വെട്ടിമാറ്റി ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

