
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച 4 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി നൈറ്റ് പട്രോളിങ്ങിനിടെ മട്ടാഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
കാറിൽ വരികയായിരുന്ന പ്രതികൾ മട്ടാഞ്ചേരി പാലസ് റോഡിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വാഹനം നിർത്താതെ പോവുകയും ചെയ്തു. പിന്നീട് പനയപ്പള്ളി ജംക്ഷനിൽ വച്ച് ഇതേ കാർ വരുന്നത് കണ്ടു. ചോദിച്ചപ്പോൾ പ്രതികള്‍ പൊലീസിനോട് തട്ടിക്കയറി. തുടർന്ന് ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതികളെ ജീപ്പിൽ കയറ്റുകയായിരുന്നു. ഇതിനിടെ ഒരാൾ കടന്നുകളഞ്ഞു. ഷിയാസും നബീലും എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള കേസുകളിൽ പ്രതികളാണ്.
മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷ് ഗോയലിന്റെ നിർദേശാനുസരണം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി സബ് ഇൻസ്പെക്ടർ ജയപ്രസാദ്, എഎസ്ഐ ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ബിനു, ബൈജുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.