കൊച്ചി∙ ഭൂട്ടാൻ കാർ കള്ളക്കടത്ത് അന്വേഷണത്തിൽ പുറത്തു വന്നത് ‘റിവേഴ്സ് സ്മഗ്ലിങും’. ഇന്ത്യയിൽ നിർമിക്കുന്ന പ്രീമിയം കാറുകൾ അടക്കം വിദേശത്ത് എത്തിച്ച ശേഷം വീണ്ടും കള്ളക്കടത്തായി തിരിച്ചു കൊണ്ടുവരുന്ന രീതിയാണ് ‘റിവേഴ്സ് സ്മഗ്ലിങ് ’ എന്നു വിളിക്കുന്ന കള്ളക്കടത്ത് രീതി.
ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാൻ ജിഎസ്ടി, താരിഫ് ഇനങ്ങളിൽ 28–35 ശതമാനം വരെ ഇളവ് അനുവദിക്കുന്നുണ്ട്. ഈ ഇളവു ലഭിക്കാൻ വേണ്ടി കാറുകൾ നിയമാനുസൃതമായ രീതിയിൽ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നതാണു തട്ടിപ്പിന്റെ ആദ്യപടി.
സംഘടിതമായ റാക്കറ്റ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. 20 ലക്ഷം രൂപ വിലവരുന്ന ഒരു കാർ ഇത്തരത്തിൽ വിദേശത്തേക്കു കയറ്റുമതി ചെയ്യുമ്പോൾ 6 മുതൽ 7 ലക്ഷം രൂപയുടെ നികുതി ഇളവു ലഭിക്കും.
വിദേശത്തു വിൽക്കുന്ന ഇത്തരം കാറുകൾ നാലോ അഞ്ചോ വർഷങ്ങൾക്കു ശേഷം കുറഞ്ഞ വിലയ്ക്കു ഉപയോക്താവിൽ നിന്നു തിരികെ വാങ്ങുന്നതാണു റാക്കറ്റിന്റെ രീതി.
ഇത്തരം കാറുകളാണു സ്ക്രാപ് എന്ന പേരിൽ വീണ്ടും ഇന്ത്യയിലേക്കു കടത്തിക്കൊണ്ടു വരുന്നത്. ഇത്തരം കാറുകൾ റീ അസംപിൾ ചെയ്തു സെക്കൻഡ് ഹാൻഡ് വിപണികൾ വഴി വിറ്റഴിക്കും.
അതിനാവശ്യമായ വ്യാജ റജിസ്ട്രേഷൻ റാക്കറ്റ് നടത്തുന്നത് അസം, സിക്കിം, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലാണ്.
വിദേശത്തു നിന്നു പൊളിച്ചു കടത്തിക്കൊണ്ടു വരുന്ന ഇത്തരം കാറുകൾ റീ അസംബിൾ ചെയ്യുമ്പോൾ അതിന്റെ ഷാസി നമ്പറും എൻജിൻ നമ്പറും മാറ്റുന്നതായി കസ്റ്റംസ് കണ്ടെത്തി. ഓപ്പറേഷൻ ‘നുമ്ഖോറിൽ’ പിടിച്ചെടുത്ത ഇത്തരം കാറുകളുടെ എൻജിൻ നമ്പർ നിർമാണ കമ്പനികളുടെ രേഖകളുമായി ഒത്തുനോക്കിയപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.
നിർമാണ കമ്പനി ഒരു പ്രത്യേക നമ്പറിലുള്ള എൻജിൻ പിടിപ്പിച്ച വണ്ടിയുടെ ഷാസി നമ്പർ പിടിച്ചെടുത്ത വണ്ടിയുടെ ഷാസി നമ്പറല്ല.
കമ്പനിയുടെ രേഖകളിലുള്ള ഷാസി നമ്പറുള്ള വണ്ടിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നതു വേറൊരു നമ്പറിലുള്ള എൻജിനാണെന്നും കണ്ടെത്തി. കസ്റ്റംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നടത്തിയ പ്രാഥമിക പരിശോധനയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത 15,849 വാഹനങ്ങളിൽ ഇത്തരത്തിലുള്ള എൻജിൻ നമ്പർ– ഷാസി നമ്പർ പൊരുത്തക്കേടു കണ്ടെത്തി.
10,000 പാക്കറ്റ് ഇ–സിഗററ്റ് പിടികൂടി
ഭൂട്ടാൻ കാർ കള്ളക്കടത്തു കണ്ടെത്താൻ കൊച്ചി– ജെയ്ഗാവ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകൾ നടത്തിയ പരിശോധനയിൽ 3.19 കോടി രൂപ വിലവരുന്ന 10,000 പാക്കറ്റ് ഇ–സിഗരറ്റ് പിടിച്ചെടുത്തു.
‘എൽഫ്ബാർ’ എന്ന പേരിലുള്ള ഇ–സിഗരറ്റുകളാണു പിടിച്ചെടുത്തത്.
അതിർത്തി കടന്നു വന്ന ഭൂട്ടാൻ റജിസ്ട്രേഷനുള്ള ട്രക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇ–സിഗരറ്റ് കണ്ടെത്തിയത്.പിടിച്ചെടുത്ത ചരക്കും അതുകൊണ്ടുവന്ന വണ്ടിയും കള്ളക്കടത്ത് റാക്കറ്റിന്റെതാണെന്നു കണ്ടെത്തി 3 പേരെ അറസ്റ്റ് ചെയ്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

