കൊച്ചി ∙ മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടാഞ്ചേരി, വെല്ലിങ്ടൻ ഐലൻഡ് വാട്ടർ മെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് നമ്മൾ ഒരുക്കിയിട്ടുള്ളത്. ഇടക്കൊച്ചിയിലും തോപ്പുംപടിയിലും പുതിയ ടെർമിനലുകൾ നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കടമക്കുടിയിലെ ടെർമിനലിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാർഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപം കൊള്ളും.
ഇതൊരു വാട്ടർ സർക്യൂട്ടായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2023-ലായിരുന്നു കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ഇതിനോടകം, അരക്കോടിയിലേറെ യാത്രക്കാർ വാട്ടർ മെട്രോ ഉപയോഗിച്ചു എന്നാണ് കണക്കാക്കുന്നത്.
അവരിൽ, ദൈനംദിന യാത്രക്കാരും വിനോദ സഞ്ചാരികളുമെല്ലാമുണ്ട്. വാട്ടർ മെട്രോയുടെ മാതൃകയിൽ സർവീസ് ഒരുക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ടു കൊണ്ട് വിവിധ സംസ്ഥാന സർക്കാരുകളും വിദേശ രാജ്യങ്ങളും വരെ കേരളത്തെ നിരന്തരം സമീപിക്കുന്നുണ്ട്.
മുംബൈ അടക്കമുള്ള 20 നഗരങ്ങളിൽ വാട്ടർ മെട്രോയുടെ സാധ്യതാ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. വാട്ടർ മെട്രോ ടെർമിനൽ നിർമിക്കുന്നതിനായി ഭൂമി വിട്ടു നൽകിയ വരാപ്പുഴ അതിരൂപതയ്ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
22 സെന്റ് ഭൂമിയാണ് സംഭാവനയായി നൽകിയത്.
മട്ടാഞ്ചേരി വാട്ടർ മെട്രോ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ടിങ് സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോ എന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ സൗകര്യപ്രദമാണ് എന്നതിനൊപ്പം തന്നെ ഗ്രീൻ ഹൗസ് എമിഷൻ കുറയ്ക്കുന്നതിനുള്ള ഒരു സംവിധാനമായി വാട്ടർ മെട്രോ മാറുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണെന്നും മന്ത്രി വ്യക്തമാക്കി.
പൂർണമായും വെള്ളത്തിൽ നിർമിച്ച മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ നിർമാണം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോകനാഥ് ബഹ്റ പറഞ്ഞു. എന്നാൽ എൻജിനീയറിങ് വെല്ലുവിളികൾ, ഭൂമിയുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അതിജീവിക്കാൻ കഴിഞ്ഞു. വാട്ടർ മെട്രോ യാഥാർഥ്യമായതോടെ ഉദ്യോഗസ്ഥർക്കും സഞ്ചാരികൾക്കുമെല്ലാം ഗതാഗതക്കുരുക്കിൽ വലയാതെ തന്നെ വേഗത്തിൽ വെല്ലിങ്ടൻ ഐലൻഡിലേക്ക് എത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൊച്ചി മേയർ അഡ്വ.
എം.അനിൽകുമാർ, കെ.ജെ.മാക്സി എംഎൽഎ, ടി.ജെ.വിനോദ് എംഎൽഎ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസ്, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, കോർപറേഷൻ കൗൺസിലർ ടി.പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്ട്) ഡോ.
എം.പി. രാം നവാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിയും എംഎൽഎമാരും വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് വെല്ലിങ്ടൻ ഐലൻഡ് ടെർമിനൽ സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]