കുറുപ്പംപടി ∙ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പു കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാരായി നിന്ന പൊലീസുകാർ ആവശ്യപ്പെട്ടത് 8 ലക്ഷം രൂപ. ഒടുവിൽ 6.60 ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കി.
ആരോപണ വിധേയരായ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ടു റൂറൽ ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്.ഗുജറാത്തിലെ മഹിസാഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെന്നു സംശയിക്കുന്ന പുല്ലുവഴി, പെരുമാനി സ്വദേശികളായ വിദ്യാർഥികളെ തേടിയാണു ഗുജറാത്ത് പൊലീസിലെ ഡിവൈഎസ്പി ഉൾപ്പെടെയുള്ള സംഘം എത്തിയത്.
സസ്പെൻഡ് ചെയ്യപ്പെട്ട സിപിഒ ഷെഫീഖ്, സഞ്ജു ജോസ്, സക്കീർ എന്നിവരെയാണു ഗുജറാത്ത് പൊലീസിനെ സഹായിക്കാൻ നിയോഗിച്ചത്.
ഇവരുടെ സഹായത്തോടെ 2 വിദ്യാർഥികളെയും സ്റ്റേഷനിലെത്തിച്ചു. കേസിൽ നിന്ന് ഒഴിവാക്കിത്തരാൻ 8 ലക്ഷം രൂപ പണമായി വേണമെന്ന് സ്റ്റേഷൻ റൈറ്ററായ ഗ്രേഡ് എസ്ഐ അബ്ദുൽ റൗഫും സിപിഒ ഷെഫീഖും വിദ്യാർഥികളുടെ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
ഇതിൽ 6.60 ലക്ഷം രൂപ ഷഫീഖ് വഴി കൈപ്പറ്റി.
സഞ്ജു ജോസും സക്കീറും പണം കൈപ്പറ്റുന്നതിനു കൂട്ടുനിന്നതായി പെരുമ്പാവൂർ എസിപി ഹാർദിക് മീണ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസ് സേനയുടെ അന്തസ്സിനു കളങ്കം വരുത്തൽ എന്നിവ ചൂണ്ടിക്കാട്ടി സർവീസിൽ നിന്നു മാറ്റി നിർത്തിയത്. ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ അതീവ രഹസ്യമായി നടത്തിയ പണമിടപാട് രഹസ്യാന്വേഷണ വിഭാഗമാണു കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

