
ആലുവ∙ റെയിൽവേ സ്റ്റേഷനിലേക്കും മെട്രോ സ്റ്റേഷനിലേക്കും ആളുകൾ റോഡ് കുറുകെ കടക്കുന്നിടത്തു സീബ്രാ വരകൾ മാഞ്ഞുതുടങ്ങിയതും വാഹനങ്ങൾ വേഗം കുറയ്ക്കാത്തതും അപകടങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട
ഗവ. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ബിന്ദു ജോലിക്കു പോകാൻ റെയിൽവേ സ്റ്റേഷനിലേക്കു സീബ്രാ ലൈനിലൂടെ കടക്കുമ്പോൾ സ്വകാര്യ ബസ് ഇടിച്ചിട്ടതാണ് ഒടുവിലത്തെ സംഭവം. ഇടതു കാലിലൂടെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ബിന്ദു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
തെളിച്ചമില്ലാത്ത സീബ്രാ വരകൾ മഴക്കാലത്തും മങ്ങിയ കാലാവസ്ഥയിലും കാണാൻ കഴിയില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ ട്രാഫിക് പൊലീസ് ഇല്ല.
വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുമില്ല. രാവിലെയും വൈകിട്ടും ഇതിലെ നടന്നു പോകാൻ പോലും പറ്റാത്തവിധം തിരക്കാണ്.
ഓൾഡ് സ്റ്റാൻഡിൽ ബസ് ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ റോഡ് കുറുകെ കടക്കുന്നവരാണ് മിക്കപ്പോഴും അപകടത്തിൽ പെടുന്നത്.
റെയിൽവേ സ്റ്റേഷനു തൊട്ടടുത്താണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡും ജില്ലാ ആശുപത്രിയും. കിഴക്കൻ മേഖലയിൽ നിന്നുള്ള എല്ലാ ബസുകളും എത്തിച്ചേരുന്ന സബ് ജയിൽ റോഡ് അവസാനിക്കുന്നതും ഇവിടെത്തന്നെ. സബ് ജയിൽ റോഡിലൂടെ വരുന്ന വാഹനങ്ങൾ പമ്പ് കവലയിലേക്കു പോകണമെങ്കിൽ ഇടത്തോട്ടു തിരിഞ്ഞു യു ടേൺ എടുക്കണം.
ഭൂരിഭാഗം പേരും ഇതു പാലിക്കാറില്ല. പകരം നേരിട്ടു പമ്പ് കവലയിലേക്കു തിരിയും.
ഇത് അപകടം മാത്രമല്ല, ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു. മെട്രോ സ്റ്റേഷനു മുൻപിലും പൊലീസോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല. അങ്കമാലി, എറണാകുളം ഭാഗങ്ങളിൽ നിന്നും ബാങ്ക് കവലയിൽ നിന്നും ഒരേസമയം അമിത വേഗത്തിൽ വാഹനങ്ങൾ വരുമ്പോൾ റോഡ് കുറുകെ കടക്കാൻ കാത്തുനിൽക്കുന്ന കാൽനടക്കാർ നിസ്സഹായരാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]