കിഴക്കമ്പലം ∙ അവയവക്കച്ചവടക്കേസിലെ പ്രധാന പ്രതി നജീബ് കല്ലട്രയുടെ ഡയറിയിലുള്ളത് ഉന്നതരുടെ പേരുകൾ. ഒട്ടേറെ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകൾ ഇതിൽ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഏറെ കരുതലോടെയാണ്.
പെരിങ്ങാല പോത്തനാംപറമ്പിലെ നജീബിന്റെ അപ്പാർട്ട്മെന്റിൽ നിന്നു പൊലീസ് കണ്ടെടുത്ത ഡയറിയിൽ പണം ലഭിച്ച സ്രോതസ്സുകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള ഇടപാടുകളെക്കുറിച്ചും കൃത്യമായ വിവരങ്ങളുണ്ട്. അന്വേഷണം വ്യാപിപ്പിക്കുന്നതോടെ പല ഉന്നതരും വലയിലാകുമെന്നാണു സൂചന.
ഡയറിയിലെ പണമിടപാടു രേഖകളുംബാങ്ക് വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് പുറത്തായത് മുഖ്യപ്രതിയുടെ ഭാര്യ ഒറ്റിയതിനാലെന്നു സൂചന
കിഴക്കമ്പലം ∙ അവയവദാന തട്ടിപ്പു സംഘത്തെപ്പറ്റിയുള്ള വിവരം പുറംലോകമറിഞ്ഞതു കേസിലെ മുഖ്യപ്രതി നജീബ് കല്ലട്രയും ഭാര്യ റഷീദയും തമ്മിലുണ്ടായ വഴക്കിനെ തുടർന്നെന്നു സൂചന. നജീബിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്ന ഭാര്യ റഷീദ തന്നെയാണു അവയവദാന തട്ടിപ്പു സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിനെ അറിയിച്ചതെന്നാണു വിവരം.
അതേസമയം, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ആസൂത്രിത നീക്കമാണു വിജയമായതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
നജീബ് കല്ലട്ര കരിമുകൾ പോത്തനാംപറമ്പിലെ അപ്പാർട്ട്മെന്റിൽ താമസമാക്കിയതു 3 വർഷം മുൻപാണ്. എന്നാൽ അയൽവാസികളുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല.
ആഴ്ചതോറും വിവിധ സംസ്ഥാന റജിസ്ട്രേഷനിലുള്ള ആഡംബര കാറുകളിലാണു സഞ്ചരിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു.
മെഡിക്കൽ ടൂറിസമെന്ന ബോർഡുമായി ഒറ്റമുറി ഓഫിസ്
കിഴക്കമ്പലം ∙ കുന്നത്തുനാടു പൊലീസ് റജിസ്റ്റർ ചെയ്ത 2 കേസുകൾ പ്രകാരം നജീബ് കല്ലട്രയാണു കേസിലെ ഒന്നാം പ്രതി. ഇവർ കൊച്ചി കേന്ദ്രീകരിച്ചു കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്നുണ്ട്.
ചികിത്സ വേണ്ടവരെ പ്രമുഖ ആശുപത്രികളുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരുടെ റോളാണു തങ്ങൾക്കെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. ആലുവ എടത്തലയിലെ ഒറ്റമുറിക്കടയായിരുന്നു സ്ഥാപനത്തിന്റെ ഓഫിസ്.
ഇതിന്റെ പൂട്ടുപൊളിച്ച് ഇന്നലെ പൊലീസ് പരിശോധന നടത്തിയെങ്കിലും രേഖകൾ ഒന്നും ലഭിച്ചില്ല. ഈ മുറി നജീബ് ഫെബ്രുവരിയിൽ ഒഴിഞ്ഞിരുന്നു.
എന്നാൽ, താക്കോൽ തിരികെ നൽകിയിരുന്നില്ല. ഇവിടെനിന്നുള്ള രേഖകൾ മാറ്റിക്കാണാനാണു സാധ്യതയെന്നു പൊലീസ് കരുതുന്നു.
ഈ ഓഫിസ് പ്രവർത്തിച്ചിരുന്ന അഡോൺ സ്പേസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തി.
എംപി, എംഎൽഎ, ചീഫ് വിപ്പ്, പൊലീസ് ഉന്നതർ; വ്യാജരേഖപ്പട്ടികയ്ക്ക് നീളമേറെ
കിഴക്കമ്പലം ∙ പള്ളിക്കര കേന്ദ്രീകരിച്ചാണു വ്യാജരേഖകളുടെ നിർമാണം നടന്നിരുന്നതെന്നാണു പരിശോധനകളിൽ വ്യക്തമായത്.കുന്നത്തുനാട് പൊലീസ് 2 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. സൺ കമ്യൂണിക്കേഷൻസ്, സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ പൊലീസ് സംഘം അക്ഷരാർഥത്തിൽ ഞെട്ടി.
എറണാകുളം എംപി ഹൈബി ഈഡൻ, ആലത്തൂർ എംപി കെ.
രാധാകൃഷ്ണൻ, ഉദുമ എംഎൽഎ ആയിരുന്ന സി.ആർ. കുഞ്ഞമ്പു, കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന കെ.പി.
മോഹൻ, അരൂർ എംഎൽഎ ആയിരുന്ന ദെലീമ, കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായിരുന്ന എൻ. ജയരാജ്, അമ്പലപ്പുഴ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട്, തൃശൂർ സിറ്റി കുന്നംകുളം സബ് ഡിവിഷൻ എസിപി, കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികൾ തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജരേഖകൾ ചമച്ചതായി കണ്ടെത്തി.
വ്യാജ ലെറ്റർപാഡുകൾ നിർമിച്ച് അതിൽ സാക്ഷ്യപത്രങ്ങൾ നൽകിയതും പൊലീസ് വെരിഫിക്കേഷനായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനുള്ള കത്തുകളും പൊലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

