പായൽ നിറഞ്ഞ് ഒഴുക്ക് നിലച്ചു; തുള്ളി വെള്ളമില്ലാതെ മുല്ലശേരി തോട്
അങ്കമാലി∙ പായൽ നിറഞ്ഞ് ഒഴുക്ക് നിലച്ചതോടെ തുള്ളി വെള്ളമില്ലാതെ മുല്ലശേരി തോട്. സമീപത്തെ കിണറുകളിൽ ഉറവയില്ലാതായി.
ഒഴുക്ക് നിലച്ചതോടെ വെള്ളത്തിന് നിറംമാറ്റവും ദുർഗന്ധവുമുണ്ട്. വെള്ളത്തിൽ ചവിട്ടിയാൽ ചൊറിച്ചിലും ഉണ്ടാകുന്നുണ്ട്.
ഒരു കാലത്ത് സമൃദ്ധമായി ഒഴുകിയിരുന്ന തോടാണിത്. പെരിയാറിൽ നിന്നു മുല്ലശേരി തോട്ടിലേക്കു വെള്ളം വരുന്നതു കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായി. പെരിയാറിന്റെ ചെങ്ങൽ കൈവഴിയിൽ നിന്നാരംഭിച്ചു മാഞ്ഞാലിയിൽ പെരിയാറിൽ തന്നെ ചേരുന്ന തോടിന്റെ ഭാഗമാണ് മുല്ലശേരി തോട്.
തോടിൽ പലയിടങ്ങളിലും മലിനജലം കെട്ടിക്കിടക്കുന്നു. നായത്തോട് തുറയിൽ വെള്ളം കുറഞ്ഞതോടെയാണ് മുല്ലശേരി തോടിലും വെള്ളമില്ലാതായത്.
പെരിയാറിൽ നിന്നുള്ള കൈവഴി അടഞ്ഞപ്പോൾ ഏക്കർ കണക്കിനു വിസ്തൃതിയുള്ള നായത്തോട് തുറയിൽ ജലമില്ലാതായി. തുറയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും തുറയിലേക്കു വെള്ളം എത്തുന്നതിനു നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കർഷകർ മുറവിളി തുടങ്ങിയിട്ടു വർഷങ്ങളായെങ്കിലും യാതൊരു നടപടികളുമില്ല. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നില്ല.
പാടശേഖരങ്ങൾ പലതും തരിശായി. കറുകുറ്റി, മൂക്കന്നൂർ, മുല്ലശേരി തോടുകൾ സംഗമിച്ച് മാഞ്ഞാലി തോട്ടിലേക്കാണു ചേരുന്നത്.
മാഞ്ഞാലി തോടിന്റെ അങ്കമാലി ഭാഗത്തും വറ്റിത്തുടങ്ങി. വേനൽ കടുക്കുമ്പോൾ തോടിന്റെ അടിഭാഗം കാണുന്ന തരത്തിൽ കഴിഞ്ഞ വർഷം തോട് വറ്റി. മാഞ്ഞാലി തോടിന്റെ ആശ്രയിച്ച് ഒട്ടേറെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളാണ് ഉള്ളത്.
തോടിന്റെ കരകളിലെ കിണറുകളും വറ്റിത്തുടങ്ങി. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ കോഴിക്കോട് ജലവിഭവ വികസന വിനിയോഗകേന്ദ്രം മാഞ്ഞാലിതോടിന്റെ പുനരുദ്ധാരണ കർമപദ്ധതിരേഖ സർക്കാരിനു സമർപ്പിച്ചിരുന്നു. മലിനീകരണവും കര ഇടിയലും കയ്യേറ്റവും മൂലം നാശോന്മുഖമായ തോട് നവീകരിക്കുന്നതിനുള്ള കർമപദ്ധതിയാണ് തുടർനടപടി ഇല്ലാതായതോടെ ഇരുട്ടിലായത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

