
തോട്ട പൊട്ടിച്ച് മീൻ പിടിത്തം; ആശങ്ക, അപകട ഭീതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ പെരിയാറിനു കുറുകെ നിർമാണം നടക്കുന്ന ശ്രീശങ്കര പാലത്തിന് സമീപം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുളള മീൻ പിടിത്തം വ്യാപകമായി. പാലത്തിനു ബലക്ഷയം സംഭവിക്കുമെന്നു മാത്രമല്ല ചെറുമത്സ്യങ്ങൾ ചത്തൊടുങ്ങുകയും ചെയ്യുന്നു. പാറമടകളിൽ ഉപയോഗിക്കുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള കേപ്പ്, പശ, തിരി എന്നിവ ഉപയോഗിച്ചാണു തോട്ട പൊട്ടിക്കുന്നത്,രണ്ടുമാസം മുൻപാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച കടവിനു സമീപമാണ് മീൻ പിടിത്തം.വലിയ മത്സ്യങ്ങളെ മാത്രം എടുത്ത് കുഞ്ഞു മത്സ്യങ്ങളെ അവിടെത്തന്നെ ഉപേക്ഷിച്ചിട്ടാണു തോട്ടയിടുന്നവർ പോകുന്നത്.
ചത്തു ചീഞ്ഞു പൊങ്ങുന്ന മത്സ്യങ്ങൾ പലപ്പോഴും പെരിയാറിലെ ജലം മലിനമാക്കുന്നു. നിർമാണം നടക്കുന്ന കാലടി ശ്രീശങ്കര പാലത്തിനു സമീപമാണു തോട്ടകൾ പൊട്ടിക്കുന്നത്. താന്നിപ്പുഴ ശിവരാത്രി കടവ്,കാവുങ്ങ കടവ്,തോമാട്ടക്കടവ് തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള മീൻപിടിത്തം .വിഷു ഈസ്റ്റർ വിശേഷ ദിവസങ്ങളിൽ തോട്ടയിടൽ ശക്തമാകാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ വിപണന സാധ്യത കണക്കിലെടുത്താണ് തോട്ട പൊട്ടിക്കൽ കൂടുതലാകുന്നത്.
വിപണിയിൽ വാങ്ങാൻ കിട്ടുന്നതല്ല ഈ സ്ഫോടക വസ്തുക്കൾ. ലൈസൻസുള്ള പാറമടകൾക്കു മാത്രമാണു ഇതു സൂക്ഷിക്കാൻ അധികാരം ഉള്ളൂ. ഇവരെ സ്വാധീനിച്ച് കേപ്പും പശയും കൈക്കലാക്കിയാണു സ്ഫോടനം നടത്തുന്നത്. പെരിയാറിന്റെ തീരത്തുള്ള വീടുകളുടെ അടിത്തറയ്ക്കു വരെ ഇളക്കം സംഭവിക്കുന്ന തരത്തിലാണ് സ്ഫോടനങ്ങൾ. ഇവിടെ താമസിക്കുന്ന വീട്ടുകാർ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. സ്ഫോടനം നടക്കുന്നതിന്റെ എതിർ വശത്തെ കരയിലാണ് കാലടി പൊലീസ് സ്റ്റേഷൻ.